
ഓണസദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആകർഷകമായ നിറവും മികച്ച രുചിയുമുള്ള ബീറ്റ്‌റൂട്ട് കിച്ചടി.
വേണ്ട ചേരുവകൾ
• ചിരകിയ തേങ്ങ 1 കപ്പ്
• കടുക് (അരയ്ക്കാൻ) ¼ ടീസ്പൂൺ
• തൈര് 1 കപ്പ്
• വെള്ളം ½ കപ്പ്
• വെളിച്ചെണ്ണ ആവശ്യത്തിന്
• കടുക് (താളിക്കാൻ) 1 ടീസ്പൂൺ
• ഉണക്കമുളക് / വറ്റൽ മുളക് 2 എണ്ണം
• കറിവേപ്പില ആവശ്യത്തിന്
• പച്ചമുളക് 2 എണ്ണം
• ചെറിയ ഉള്ളി 6 എണ്ണം
• മഞ്ഞൾപ്പൊടി ½ ടീസ്പൂൺ
• മുളകുപൊടി 1 ടീസ്പൂൺ
• ബീറ്റ്‌റൂട്ട് 1 എണ്ണം
• ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത്, കടുക്, തൈര് എന്നിവ അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം അതിലേക്ക് പച്ചമുളക് അരിഞ്ഞതും ചെറിയ ഉള്ളി അരിഞ്ഞതും ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഇട്ട് മൂപ്പിച്ചശഷം വളരെ ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ട് ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി ഇളക്കി കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചെടുക്കണം. ഇനി ഇതിലേക്ക് അരച്ചുവെച്ച അരപ്പ് ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കാം. ഓണം സ്പെഷ്യൽ ബീറ്റ്റൂട്ട് കിച്ചടി തയ്യാറായിക്കഴിഞ്ഞു.