ഇത്തവണ ഓണത്തിന് ഒരു മക്രോണി പ്രഥമൻ ആയാലോ...

By Web TeamFirst Published Aug 15, 2021, 5:08 PM IST
Highlights

ഈ ഓണത്തിന് വ്യത്യസ്ത രുചിയിലുള്ള പായസം നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ഓണത്തിന് സ്പെഷ്യൽ മക്രോണി പായസം തയ്യാറാക്കിയാലോ...

പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂര്‍ണമാകുന്നില്ല. പപ്പടവും പഴവും ചേര്‍ത്ത് പായസം കഴിക്കുമ്പോള്‍ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഈ ഓണത്തിന് വ്യത്യസ്ത രുചിയിലുള്ള പായസം നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. ഓണത്തിന് സ്പെഷ്യൽ മക്രോണി പായസം തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

1.മക്രോണി                     200 ​ഗ്രാം
2.തേങ്ങ പാൽ                 ഒരു തേങ്ങയുടേത് (ഒന്നാം പാലും രണ്ടാം പാലും പിഴിഞ്ഞ് മാറ്റി വെക്കുക )
3 ചൗവ്വരി                          50 ​ഗ്രാം
4 ശർക്കര                       300 ​ഗ്രാം( ഉരുക്കി അരിച്ചെടുത്തത് )
5 അണ്ടിപരുപ്പ്               ആവശ്യത്തിന്
6- കിസ്മിസ്                    ആവശ്യത്തിന്
7 ഏലയ്ക്ക പൊടിച്ചത്     1 ടീസ്പൂൺ 
8 ജീരകപ്പൊടി                  1 ടീസ്പൂൺ
9 ചുക്കുപൊടി                  1 ടീസ്പൂൺ
10 നെയ്യ്                          2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം കുറച്ചു വെള്ളം ചൂടാക്കി അതിലേക്കു മക്രോണി ഇട്ടു നന്നായി വേവിച്ചെടുക്കുക. അതുപോലെ തന്നെ ചൗവരിയും വെള്ളത്തിൽ ഇട്ടു വേവിച്ചു മാറ്റി വയ്ക്കുക. ഇനി ഒരു പാത്രം എടുത്തു അടുപ്പത്ത് വച്ച് അതിലേക്കു ശർക്കര അരിച്ചു ഒഴിച്ച് കൊടുക്കുക. ഒന്നു തിളച്ചു വരുമ്പോൾ അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന മക്രോണിയും ചൗവരിയും കൂടെ ഇട്ടു ഇളക്കി കൊടുക്കണം. കുറച്ചൊന്ന് ശർക്കര വറ്റിച്ചെടുത്തു പിന്നെ അതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക ( മധുരം ഒന്നു ബാലൻസ് ചെയ്യാൻ വേണ്ടി). ഇനി ഇതിലേക്ക് 1 ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. അതൊന്ന് വറ്റി വരുമ്പോൾ ഏലയ്ക്ക പൊടിയും, ചുക്ക് പൊടിയും കുറച്ച് ജീരക പൊടിയും കൂടെ ചേർത്ത് കൊടുക്കുക. ഇടയ്ക്കു കുറച്ചു നെയ്യ് കൂടെ ചേർക്കാൻ മറക്കരുത്.  അവസാന  വറുത്ത് വച്ചിരിക്കുന്ന അണ്ടിപരുപ്പും കിസ്മിസ്സും കൂടെ ചേർക്കുക. ശേഷം തേങ്ങയുടെ ഒന്നാം പാലും ചേർത്ത്  ചെറുതായി ചൂടാക്കി ​വാങ്ങിവയ്ക്കുക. രുചികരമായ മക്രോണി പ്രഥമൻ തയ്യാർ...

തയ്യാറാക്കിയത്:
വിനി ബിനു

click me!