
താമരപ്പൂവിന്റെ ഭംഗി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വെറും ഭംഗി മാത്രമല്ല, ഭക്ഷ്യയോഗ്യം കൂടിയാണ് താമര. താമര വിത്ത് കൊണ്ടുള്ള വിഭവങ്ങൾ പോഷകസമ്പുഷ്ടമാണ്. അന്നജം, കോപ്പർ, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമര വിത്തിൽ അടങ്ങിയിട്ടുണ്ട്. ഈ ഓണത്തിന് താമരവിത്ത് കൊണ്ട് കിടിലനൊരു പായസം തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
താമരവിത്ത് 100 ഗ്രാം (ഒരു കൈനിറയെ ഉണ്ടാകും )
പാൽ 750 ml
പഞ്ചസാര ഒരു കപ്പ്
നെയ് 3 ടേബിൾ സ്പൂൺ
കശുവണ്ടി നുറുക്കിയത് 1 ടേബിൾ സ്പൂൺ
ബദാം നുറുക്കിയത് 1 ടേബിൾ സ്പൂൺ
ഏലക്കപൊടി 1 ടീസ്പൂൺ
അണ്ടിപരിപ്പ് അലങ്കരിക്കാൻ ആവശ്യമായത്( നെയ്യിൽ വറുത്തത്)
കുങ്കുമപ്പൂവ് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം...
ചുവടുകട്ടിയുള്ള ഒരു പത്രത്തിൽ പാലും പഞ്ചസാരയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. താമരവിത്ത് ഒരു ടേബിൾസ്പൂൺ നെയ്യിൽ രണ്ടു മിനിറ്റ് നേരം റോസ്റ്റ് ചെയ്തെടുക്കുക. അതിൽനിന്നും പകുതിയെടുത്തു തരിയായി പൊടിച്ചു മാറ്റിവയ്ക്കുക. ബാക്കി പകുതി തിളച്ചുവരുന്ന പാലിൽ ഏലയ്ക്കപ്പൊടി, കുങ്കുമപ്പൂവ് എന്നിവയോടൊപ്പം ചേർത്ത് 10 മിനുട്ട് ചെറുതീയിൽ വേവിക്കുക. ശേഷം മാറ്റിവച്ച പൊടിച്ചതാമരവിത്തും ബാക്കിയുള്ള നെയ്യും നുറുക്കിയ കശുവണ്ടി ബദാം ചേർത്ത് തുടരെ ഇളക്കുക. കുറുകിവരുമ്പോൾ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് വാങ്ങിവയ്ക്കുക. ചൂടോടെയോ ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച ശേഷമോ serve ചെയ്യാം. രുചികരമായ താമരവിത്ത് പായസം റെഡി.
തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം