ഈ സുലൈമാനിക്ക് പ്രതീക്ഷയുടെ മണവും സ്‌നേഹത്തിന്റെ രുചിയുമാണ്...

By Web TeamFirst Published Mar 15, 2019, 1:42 PM IST
Highlights

പിരിശത്തിന്റെ രുചിയുള്ള ഒരു സുലൈമാനി കുടിക്കണമെന്ന് തോന്നിയാല്‍ നേരെ കോഴിക്കോട് ബീച്ചിലെ 'ഇക്കായീസി'ലേക്ക് ചെന്നാല്‍ മതി. അവിടെ അവരുണ്ട്, ഭിന്നശേഷിയുടെ പേരില്‍ പലയിടങ്ങളിലും ചുവന്ന മഷിയാല്‍ അടിവരയിടപ്പെട്ടവര്‍. എല്ലാ തിരക്കുകള്‍ക്കും ഇടയില്‍ ഒറ്റയായി വേറിട്ടുനിന്നവര്‍

കഴിക്കുന്ന എന്തും, അതിപ്പോള്‍ ഒരു ഗ്ലാസ് പച്ചവെള്ളമാണെങ്കില്‍ കൂടി ആരാണ് തരുന്നത്, എങ്ങനെയാണ് തരുന്നത് എന്നത് പ്രധാനമാണെന്ന് നമ്മള്‍ പറയാറില്ലേ. അത്രയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും തരുമ്പോഴേ അത് രുചിയുള്ളതായി നമുക്ക് തോന്നാറുമുള്ളൂ. 

ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും തഴയപ്പെടലില്‍ നിന്നുമെല്ലാം പ്രിയപ്പെട്ട ചിലരുടെ കൈപിടിച്ച് കര കയറിയെത്തിയ ഒരാള്‍ നമുക്ക് നേരെ നീട്ടുന്ന ഒരു ചായയാണെങ്കിലോ അത്? എത്രമാത്രം സ്‌നേഹവും പ്രതീക്ഷയും കൂടിക്കലര്‍ന്നതായിരിക്കും, ഒന്നോര്‍ത്തുനോക്കൂ. 

അങ്ങനെ പിരിശത്തിന്റെ രുചിയുള്ള ഒരു സുലൈമാനി കുടിക്കണമെന്ന് തോന്നിയാല്‍ നേരെ കോഴിക്കോട് ബീച്ചിലെ 'ഇക്കായീസി'ലേക്ക് ചെന്നാല്‍ മതി. അവിടെ അവരുണ്ട്, ഭിന്നശേഷിയുടെ പേരില്‍ പലയിടങ്ങളിലും ചുവന്ന മഷിയാല്‍ അടിവരയിടപ്പെട്ടവര്‍. എല്ലാ തിരക്കുകള്‍ക്കും ഇടയില്‍ ഒറ്റയായി വേറിട്ടുനിന്നവര്‍. കഴിയുന്നത്ര ശക്തിയോടെ തിരികെപ്പിടിച്ച ജീവിതത്തിനോടുള്ള എല്ലാ പ്രിയവും ചേര്‍ത്ത് പാകത്തിന് കടുപ്പത്തില്‍ അവര്‍ പകര്‍ന്നുതരും സുലൈമാനി. 

ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ്, 'ഇക്കായീസി'ല്‍ അതിഥികളെ വരവേല്‍ക്കുന്നതും, ചായയും ചെറുകടികളും വിളമ്പുന്നതുമെല്ലാം. ഇത്തരത്തിലുള്ള ചെറുപ്പക്കാരെ സമൂഹത്തിന്റെ മുഖ്യധാരയ്‌ക്കൊപ്പം നിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് കടയുടമകള്‍ പറയുന്നു. 

നടനും സംവിധായകനുമായ സാജിദ് യഹിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇപ്പോള്‍ 'ഇക്കായീസ്' സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സാജിദിന്റെ കുറിപ്പ് നിരവധി പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ ഷെയര്‍ ചെയ്യുന്നത്. 

സാജിദിന്റെ കുറിപ്പ് വായിക്കാം...

 
 
 
 
 
 
 
 
 
 
 
 
 

ഇത് കോഴിക്കോട്ടെ ഒരു പ്രമുഖ റസ്റ്റോറന്റായ Ikkayees ന്റെ മുൻവശമാണ്. ചെറുകടികളും, ചായയും വിൽക്കുന്ന ചെറിയൊരു കൗണ്ടർ. ഇതൊനൊരു പ്രത്യേകതയുണ്ട്. ഈ കൗണ്ടറിൽ നിന്നും നമുക്ക് ചായ നൽകുന്നവർ ഓട്ടിസം, ഡൗൻസിൻഡ്രം, തുടങ്ങി അസുഖങ്ങൾ കാരണം വീടുകളിലും മറ്റും ഒതുങ്ങി നിന്നവരാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭമാണിത്. കുറച്ചു ക്ഷമയോടെ കാത്തു നിൽക്കാൻ കഴിയുമെങ്കിൽ ഇവർ നൽകുന്ന നല്ല സുലൈമാനിയും കുടിച്ചു കാറ്റും കൊണ്ട് കഥയും പറഞ്ഞ് ബീച്ചിലങ്ങിരിക്കാം.. ❤❤ #copied

A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on Mar 14, 2019 at 12:39am PDT

click me!