
തിരുവനന്തപുരം: പാവപ്പെട്ടവന്റെയും കർഷക തൊഴിലാളിയുടെയും പ്രഭാത ഭക്ഷണമായ പഴങ്കഞ്ഞി ചില്ലറക്കാരനല്ലെന്ന് ആധുനിക വൈദ്യ ശാസ്ത്ര ഗവേഷണം. ഏറെ പോഷക ഗുണവും പല രോഗങ്ങളും മാറ്റാനുള്ള സവിശേഷതകളാണ് നമ്മുടെ പഴങ്കഞ്ഞിക്കുള്ളതെന്ന് കണ്ടെത്തിയിരിക്കുന്നു. ചെന്നെയിലെ പ്രശസ്തമായ സ്റ്റാൻലി മെഡിക്കൽ കോളേജിന്റെതാണ് ഈ കണ്ടെത്തൽ. ദക്ഷിണേന്ത്യയിൽ ഉദര രോഗം കുറവായിരുന്നതിന്റെ പ്രധാന കാരണം പഴങ്കഞ്ഞിയുടെ ഉപയോഗമാണ്.
മിച്ചം വന്ന ചോറ് കളയാൻ മടിച്ച് രാത്രി വെള്ളമൊഴിച്ച് സംരക്ഷിച്ചാണ് രാവിലെ പശിയടക്കാൻ ഉപയോഗിക്കുന്നതാണ് സാധാരണയായി പഴങ്കഞ്ഞിയുടെ സഞ്ചാര പാത. വിശപ്പ് മാറ്റി പുലർച്ചേയുള്ള കഠിന പണികൾക്ക് പാവപ്പെട്ടവനെ സജ്ജമാക്കുകയാണ് സാധാരണ പഴങ്കഞ്ഞിയുടെ ധർമ്മം. 1780 ലെ കൊടും പട്ടിണിയെ അകറ്റാൻ സൗജന്യ കഞ്ഞി നൽകിയ പഴയ മദിരാശിയിലെ ധർമ്മാശുപത്രിക്ക് കഞ്ഞി തൊട്ടി ആശുപത്രി എന്ന വിളിപ്പേര് വന്നു. ഇന്ന് ആധുനിക സ്റ്റാൻലി മെഡിക്കൽ കോളേജായി മാറിയ ഇവിടെ നടത്തിയ ഗവേഷണത്തിൽ ഉദരാരോഗ്യം സംരക്ഷിക്കാനുള്ള പ്രോബയോട്ടിക്കുകളുടെ കലവറയാണ് പഴങ്കഞ്ഞി എന്നാണ് കണ്ടത്തിയിരിക്കുന്നത്.
ഒപ്പം ശരീരാരോഗ്യത്തിന് അനിവാര്യമായ ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അക്ഷയഖനി കൂടിയാണ് പഴങ്കഞ്ഞി എന്ന് തെളിഞ്ഞിരിക്കുന്നു. ഇനിയും കാരണവും ചികിത്സയും വ്യക്തമായി കണ്ടെത്താനാകാത്ത അൽസറേറ്റീവ് കോളിറ്റിസ്, ക്രോൺസ് രോഗം തുടങ്ങിയ വയറിനെ ബാധിക്കുന്ന കുറെ രോഗങ്ങളിൽ പഴങ്കഞ്ഞി കൊടുത്ത് 6 മാസം നടത്തിയ പരീക്ഷണ ചികിത്സ ഫലപ്രദമായിരിക്കുന്നുവെന്നാണ് സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്.
തീവ്ര രോഗികൾക്കടക്കം 50 ശതമാനം പേർക്ക് രോഗലക്ഷണങ്ങൾ പൂർണ്ണമായും 6 മാസം കൊണ്ട് ഇല്ലാതായി. ലാക്ടോബാസിലസ് അടക്കം ഇരൂന്നുറോളം മിത്ര ബാക്ടീരിയകളുടെ കലവറയാണ് പഴങ്കഞ്ഞിയെന്നാണ് കണ്ടെത്തൽ. കാലാവസ്ഥക്കനുസരിച്ച്, 8 മുതൽ 14 മണിക്കൂർ കൊണ്ട് പഴങ്കഞ്ഞിയാകുന്ന പലതരം ചോറുകൾക്കും ഈ ഗുണഗണങ്ങൾ കണ്ടെത്തിയിരിക്കുന്നു. നാഡീ ഞരമ്പുകൾ, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശേഷി പഴങ്കഞ്ഞിയിലുണ്ട്. ഗുണപരമായ ആന്റി ഇൻഫ്ളമേറ്ററി, ആന്റീ ഓക്സിഡന്റുകളുടെ കലവറയാണിത്. മിക്ക മാറാരോഗികൾക്കും സാധാരണ മരുന്നുകൾക്ക് ഒപ്പം പഴങ്കഞ്ഞി കൂടി നൽകിയപ്പോൾ രോഗമുക്തി എളുപ്പമായാതായി ഡോക്ടർമാർ സാക്ഷപ്പെടുത്തുന്നു.
100 ഗ്രാം ചോറിലുള്ള 3.4 മില്ലിഗ്രാം ഇരുമ്പ് 12 മണിക്കൂറിലെ പുളിക്കലിലൂടെ 73.91 മില്ലിഗ്രാമായി, അതായത് 21 ഇരട്ടിയായി വർദ്ധിക്കുന്നതായി പഠനം ഫറയുന്നു. അതായത് ഒരു ഗർഭിണിക്ക് നിത്യേന വേണ്ട ഇരുമ്പിന്റെ ഇരട്ടിയാണിത്. ഇത് പോലെ നമുക്കാവശ്യമായ കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും തോതിലും സമാനമായ ലഭ്യത പഴങ്കഞ്ഞി നൽകുന്നു. ഈ അവശ്യധാതുക്കളുടെ ആഗിരണത്തിന് തടസ്സമായ ഫൈറ്റിക്ക് ആസിഡിനെ പരുവപ്പെടുത്താൻ പുളിക്കൽ പ്രക്രിയയിലൂടെ സാധ്യമാകുന്നതിനാലാണിത്. ഗാസ്ട്രോഎൻട്രോളജി മുതൽ സ്റ്റെം സെൽ ഗവേഷണം വരെയുള്ള മേഖലകളിൽ ആശാവഹമായ പുതിയ പഠനങ്ങൾക്ക് ഈ കണ്ടെത്തലുകൾ പ്രേരകമാകും. ആന്റി ബയോട്ടിക്കുകൾ ഉണ്ടാക്കുന്ന വെല്ലുവിളി നേരിടാൻ വിഷമിക്കുന്ന നമ്മൾക്ക് പഴങ്കഞ്ഞി സ്വഭാവികമായ പ്രോബയോട്ടിക്ക്, പോസ്റ്റ് ബയോട്ടിക്ക് കലവറയാണെന്നത് പുതുവർഷത്തിലെ ശുഭപ്രതീക്ഷ തന്നെയാണ്.
ആയുരാരോഗ്യത്തിന് പുറമേ പണവും സമയവും ലാഭിക്കുന്നു. പാഴായി പോകുന്ന ചോറ് പ്രയോജനപ്പെടുത്തുന്നതിലൂടെ ഇത് പരിസ്ഥിതി സൗഹദവും കൂടി ആണെന് പഠനം നടത്തിയ സ്റ്റാൻലി മെഡിക്കൽ കോളജിലെ പ്രെഫസർ എസ്. ജസ്വന്ത് സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പഴങ്കഞ്ഞി വേറെ ലവലിലേക്ക് പോവുകയാണ്.