Latest Videos

'സ്കിൻ' അടിപൊളിയാക്കാം; ഭക്ഷണത്തില്‍ ഈ ഏഴ് കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ...

By Web TeamFirst Published Sep 26, 2022, 6:29 PM IST
Highlights

പുതിയ ക്രീമുകള്‍, സിറം,  മറ്റ് സ്കിൻ കെയര്‍ പ്രോഡക്ടുകള്‍ എന്നിവയെല്ലാം ചര്‍മ്മം ഭംഗിയാക്കാൻ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി ഭക്ഷണത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ സ്കിൻ ഭംഗിയായി സൂക്ഷിക്കാമെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്.

ഭംഗിയും വൃത്തിയുമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുണ്ട്? സ്ത്രീകളും പുരുഷന്മാരും ഇന്ന് ഒരുപോലെ ചര്‍മ്മ പരിപാലനകാര്യങ്ങളില്‍ അവബോധമുള്ളവരാണ്. എന്നാല്‍ പലപ്പോഴും ഫലപ്രദമായി ചര്‍മ്മ പരിപാലനം നടത്താൻ അധികപേര്‍ക്കും സമയം തികയുന്നില്ലെന്നതും സത്യമാണ്. 

പുതിയ ക്രീമുകള്‍, സിറം,  മറ്റ് സ്കിൻ കെയര്‍ പ്രോഡക്ടുകള്‍ എന്നിവയെല്ലാം ചര്‍മ്മം ഭംഗിയാക്കാൻ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി ഭക്ഷണത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ സ്കിൻ ഭംഗിയായി സൂക്ഷിക്കാമെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. അത്തരത്തില്‍ സ്കിൻ വൃത്തിയുള്ളതും തിളക്കവും ഭംഗിയുള്ളതുമാക്കാൻ സഹായിക്കുന്ന ഏഴ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ആന്‍റിഓക്സിഡന്‍റ്സ് നല്ലതുപോലെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും തന്നെ ഇവയില്‍ കൂടുതലും വരുന്നത്. ഇത് ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. ചൂട്, പൊടി, വെയില്‍ അടക്കം ചര്‍മ്മത്തിന് പ്രശ്നങ്ങള്‍ വരുന്ന വഴികള്‍ പലതാണ്. ഇത്തരത്തിലേല്‍ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനാണ് ആന്‍റി ഓക്സിഡന്‍റുകള്‍ സഹാ.കമാകുന്നത്. 

രണ്ട്...

വൈറ്റമിൻ-സിയും ചര്‍മ്മത്തിന്‍റെ ആരോഗ്യവും തമ്മിലുള്ള ബന്ധം പറയാതെ തന്നെ ഇന്ന് മിക്കവര്‍ക്കും അറിയാം. ചര്‍മ്മത്തിന്‍റെ സുപ്രധാനഭാഗമായ കൊളാജെൻ ഉണ്ടാക്കുന്നതിന് വൈറ്റമിൻ-സി ഏറെ സഹായകമാണ്. ചര്‍മ്മം വലിഞ്ഞ് തൂങ്ങുന്നത് ഒഴിവാക്കി അതിനെ ചെറുപ്പമായും തിളക്കമുള്ളതായും നിലനിര്‍ത്തുന്നത് കൊളാജെൻ ആണ്. നാരങ്ങ, പപ്പായ, തക്കാളി, പേരക്ക എന്നിവയെല്ലാം വൈറ്റമിൻ-സിയാല്‍ സമൃദ്ധമായ ഭക്ഷണങ്ങളാണ്. 

മൂന്ന്...

വൈറ്റമിൻ-ഇയും ചര്‍മ്മത്തിന് അവശ്യം വേണ്ടുന്ന ഘടകം തന്നെ. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനാണ് ഇത് ഏറെയും സഹായകമാകുന്നത്. ചര്‍മ്മം വലിഞ്ഞുതൂങ്ങുന്നതും പാടുകള്‍ വീഴുന്നതുമെല്ലാം തടയുന്നതിന് ഇത് പ്രയോജനപ്പെടുന്നു. നട്ട്സ്, സീഡ്സ്, അവക്കാഡോ, ഹേസില്‍നട്ട്സ്, പൈൻ നട്ട്സ്, സണ്‍ഫ്ളവര്‍ ഓയില്‍ എല്ലാം വൈറ്റമിൻ- ഇയുടെ നല്ല സ്രോതസുകളാണ്. 

നാല്...

സെലീനിയം എന്ന ഘടകവും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പലപ്പോഴും സെലീനിയത്തിന്‍റെ അളവ് പോരാതെ വരുമ്പോള്‍ മുഖക്കുരു ഉണ്ടാകാറുണ്ട്. ചര്‍മ്മത്തില്‍ ചുളിവുകള്‍, പ്രായം തോന്നിക്കുന്നത് എന്നിവ തടയാനാണിത് സഹായിക്കുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍പ്പിക്കുന്ന നിറവ്യത്യാസമോ പാടുകളോ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. 

അ‍ഞ്ച്...

ഒമേഗ- 3 ഫാറ്റി ആസിഡ് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തെ മൃദുവാക്കുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു. ഒമേഗ-6ഉം ചര്‍മ്മത്തിന് നല്ലത് തന്നെ. ഹെല്‍ത്തിയായ പ്ലാന്‍റ് ഓയില്‍സ്, നട്ട്സ്, സീഡ്സ്,കറുത്ത കസ കസ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

ആറ്...

മിക്ക സ്പൈസുകളും ഹെര്‍ബുകളും ഇതുപോലെ ചര്‍മ്മത്തിന് നല്ലതാണ്. മഞ്ഞള്‍ ഇതിനുദാഹരണമാണ്. തുളസി, അശ്വഗന്ധ, കറുവപ്പട്ട,  ജീരകം, വലിയ ജീരകം, എന്നിവയെല്ലാം പരോക്ഷമായി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. 

ഏഴ്...

അവസാനമായി പറയുന്നത് ഏറ്റവും പ്രാധാന്യമുള്ളൊരു ടിപ് തന്നെയാണ്. ദിവസവും ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കുക. കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ കുറവ് വന്നാല്‍ തീര്‍ച്ചയായും മറ്റ് പല ശാരീരികധര്‍മ്മങ്ങളെയും ബാധിക്കുന്ന കൂട്ടത്തില്‍ ഇത് ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം.

Also Read:- മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

click me!