കൊവിഡ് 19; അമേരിക്കയില്‍ വീട്ടിലിരിക്കുന്ന 30,000 പേര്‍ക്ക് ഭക്ഷണമെത്തിച്ച് സിഖ് സമുദായക്കാര്‍

By Web TeamFirst Published Mar 24, 2020, 7:58 PM IST
Highlights

ഇറ്റലി, ചൈന, യുകെ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കൂട്ടത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരച്ചുകയറിയിരുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടിരുന്നു. പലരും ഒന്നും വാങ്ങിക്കാനാകാതെ തിരിച്ചുമടങ്ങേണ്ട അവസ്ഥയും ഇതുമൂലം സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ വീട്ടില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മാത്രമായി ഭക്ഷണം ഒരുക്കി പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരിക്കുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സിഖ് സമുദായത്തിന്റെ കൂട്ടായ്മ
 

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പതിനായിരക്കണക്കിന് പേരാണ് ഓരോ രാജ്യങ്ങളിലും നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ത്യയിലും ഇവിടെ കേരളത്തിലും നമ്മള്‍ ഇത്തരത്തില്‍ ഐസൊലേറ്റഡ് ആയി തുടരുന്നവരേയും 'ക്വരന്റൈനി'ല്‍ കഴിയുന്നവരേയും കാണുന്നുണ്ട്. 

നിരീക്ഷണത്തിലുള്ളവരാണെങ്കില്‍ അവര്‍ക്ക് വീട്ടിന് പുറത്തേക്കിറങ്ങാനോ, മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടാനോ സാധ്യമല്ല. അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അവര്‍ക്ക് ഉറപ്പ് വരുത്തിയേ മതിയാകൂ. 

ഇക്കാര്യത്തില്‍ പലയിടങ്ങളിലും വ്യാപകമായ പരാതികളുയരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നിലവില്‍ അങ്ങനെയുള്ള പരാതികള്‍ ഉയര്‍ന്നുകേള്‍ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇറ്റലി, ചൈന, യുകെ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കൂട്ടത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരച്ചുകയറിയിരുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടിരുന്നു. പലരും ഒന്നും വാങ്ങിക്കാനാകാതെ തിരിച്ചുമടങ്ങേണ്ട അവസ്ഥയും ഇതുമൂലം സംഭവിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ വീട്ടില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മാത്രമായി ഭക്ഷണം ഒരുക്കി പാക്കറ്റുകളിലാക്കി വിതരണം ചെയ്തിരിക്കുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സിഖ് സമുദായത്തിന്റെ കൂട്ടായ്മ. മുപ്പതിനായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടമായ ഇന്നത്തെ ദിവസം ഇവര്‍ ഒരുക്കിയത്. 

പരസ്പരം അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, പരിസരം വൃത്തിയായി വയ്ക്കുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും അനുസരിച്ചാണ് കൂട്ടായ്മ ഭക്ഷണം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ഡോക്ടര്‍മാര്‍ തന്നെ മേല്‍നോട്ടം നല്‍കിയിരുന്നു. തുടര്‍ന്ന് പൊതികളിലായി പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണം ലോക്കല്‍ അതോറിറ്റികളുടെ സഹായത്തോടെയും വളണ്ടിയര്‍മാരുടെ സഹായത്തോടെയും വീടുകളില്‍ വിതരണം ചെയ്തു. 

അമേരിക്കയില്‍ തന്നെയുള്ള സിഖ് സമുദായക്കാരുടേയും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള സമുദായാംഗങ്ങളുടേയും സഹകരണത്തോടെയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയിരിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയവര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ഇതിലേക്ക് താല്‍പര്യമുള്ളതിന് അനുസരിച്ച് സഹായങ്ങള്‍ നല്‍കാമെന്നും ഇവര്‍ പറയുന്നു. 

പ്രായമായവര്‍, ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ചെറിയ കുട്ടികളുമായി ജീവിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവരെ തെരഞ്ഞെടുത്ത് അവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ചോറ്, പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയടങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവര്‍ തയ്യാറാക്കുന്നത്. 

തങ്ങള്‍ ഭക്ഷണം നല്‍കിയവരില്‍ ഏറെ പേരും അമേരിക്കക്കാര്‍ തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്. വലിയ സ്വീകരണമാണ് അവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

click me!