വെളുത്തുള്ളി കഴിച്ചിട്ട് ഗുണം വേണമെങ്കിൽ ഇങ്ങനെയെല്ലാം കഴിക്കണം...

By Web TeamFirst Published Apr 27, 2019, 2:10 PM IST
Highlights

ദരപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വെളുത്തുള്ളി ഉപകാരപ്പെടുന്നത്, രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനും, അമിതവണ്ണം കുറയ്ക്കാനുമെല്ലാം വെളുത്തുള്ളി ഒന്നാന്തരം പരിഹാരം തന്നെയാണ്. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നതിന് ചില രീതികളുണ്ട്. അത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇതിന്റെ ഫലങ്ങളൊന്നും നമുക്ക് കിട്ടാതെ പോയേക്കും
 

വെളുത്തുള്ളി, ദിവസവുമുണ്ടാക്കുന്ന വിഭവങ്ങളില്‍ ചേര്‍ക്കാനുള്ള ഒരു ചേരുവയായിട്ട് മാത്രമല്ല നമ്മള്‍ കാണുന്നത്. അതിന്റെ ഔഷധഗുണങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് പലപ്പോഴും നമ്മള്‍ വീട്ടില്‍ നിത്യവും അത് വാങ്ങി സൂക്ഷിക്കുന്നത്. 

പെട്ടെന്ന് വയറ്റിനകത്ത് ഗ്യാസ് പെരുത്തുകയറിയാലോ, ദഹനപ്രശ്‌നമുണ്ടായാലോ ഒക്കെ ആദ്യം തേടുന്നത് വെളുത്തുള്ളിയായിരിക്കും. ഉദരപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വെളുത്തുള്ളി ഉപകാരപ്പെടുന്നത്, രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനും, അമിതവണ്ണം കുറയ്ക്കാനുമെല്ലാം വെളുത്തുള്ളി ഒന്നാന്തരം പരിഹാരം തന്നെയാണ്.

എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നതിന് ചില രീതികളുണ്ട്. അത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇതിന്റെ ഫലങ്ങളൊന്നും നമുക്ക് കിട്ടാതെ പോയേക്കും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിനെയ്‌സ്' എന്ന ഘടകമാണ് പ്രധാനമായും അതിനെ ഔഷധഗുണമുള്ള ഒന്നാക്കി മാറ്റുന്നത്. 

അതിനാല്‍ 'അലിനെയ്‌സ്' നശിച്ച ശേഷം വെളുത്തുള്ളി കഴിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഇതിന് വേണ്ടി വെളുത്തുള്ളി കഴിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് മനസ്സിലാക്കി വയ്ക്കാം. 

വെളുത്തുള്ളി അധികം വേവിച്ച് കഴിക്കരുത്. 60 സെക്കന്‍ഡിലധികം മൈക്രോ വേവ് ചെയ്യുകയോ 45 മിനുറ്റ് നേരത്തേക്ക് അടുപ്പത്ത് വേവിക്കുകയോ ചെയ്ത് വെളുത്തുള്ളിയിലെ 'അലിനെയ്‌സ്' ഇല്ലാതായിപ്പോകും. പിന്നീട് ആ വെളുത്തുള്ളി കഴിക്കുന്നത് പ്രത്യേകിച്ച് ഉപകാരങ്ങളൊന്നുമില്ലാതാകും. 

അതുപോലെ ചെറുതായി അരിയുകയോ ചതയ്ക്കുകയോ ചെയ്ത ശേഷം വെളുത്തുള്ളി ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഭക്ഷണത്തിലേക്ക് ചേര്‍ക്കാനുള്ളതാണെങ്കില്‍ അരിയുകയോ ചതയ്ക്കുകയോ ചെയ്ത ശേഷം പത്ത് മിനുറ്റ് വെളുത്തുള്ളി അങ്ങനെ തന്നെ വയ്ക്കുക. എന്നിട്ട് മാത്രം ഭക്ഷണത്തിലേക്ക് ചേര്‍ക്കുക. ഇതും ഫലമേറാന്‍ സഹായിക്കും. 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ ഒന്നോ രണ്ടോ അല്ലിയിലൊതുക്കാതെ അഞ്ചോ ആറോ അല്ലി വെളുത്തുള്ളി എടുക്കുക. ഇത് ശരീരത്തിന് ഗുണമല്ലാതെ ദോഷം ചെയ്യില്ലെന്ന് ഓര്‍മ്മിക്കുക. ദിവസവും കഴിക്കുന്ന വിഭവങ്ങളില്‍ വെളുത്തുള്ളി ചേര്‍ക്കാനും മറക്കല്ലേ!

click me!