'തലവേദന' കൂട്ടുന്ന ഈ എട്ട് ഭക്ഷണങ്ങളെ തിരിച്ചറിയാം...

By Web TeamFirst Published Jul 24, 2020, 10:16 AM IST
Highlights

മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് 'മൈഗ്രേയ്ന്‍'. തലയുടെ ചില ഭാഗങ്ങളിൽ മാത്രമായി തീവ്രമായതും ആവർത്തിച്ചുള്ളതുമായ വേദനയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണിത്. 

തലവേദന പലപ്പോഴും പല വിധത്തിലാണ് മനുഷ്യനെ വലക്കുന്നത്. മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് 'മൈഗ്രേയ്ന്‍'. നിങ്ങളുടെ നാഡീവ്യവസ്ഥയും മസ്തിഷ്ക സംബന്ധമായ രാസപദാർത്ഥങ്ങളുമെല്ലാം ബന്ധപ്പെട്ട് ഉണ്ടാവുന്ന ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ് മൈഗ്രേയ്ന്‍. തലയുടെ ചില ഭാഗങ്ങളിൽ മാത്രമായി തീവ്രമായതും ആവർത്തിച്ചുള്ളതുമായ വേദനയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണിത്. 

തലവേദന ഉണ്ടാവുന്നതിന്‍റെ അടിസ്ഥാനവും യഥാർത്ഥത്യവുമായ കാരണങ്ങളിൽ പലതും ഇതുവരെ തിരിച്ചറിയപ്പെടാത്തവയാണ്. ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും ഇന്ന് ഏറ്റവുമധികം പേരില്‍ തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം. 

 

മൈഗ്രേയ്ന്‍ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്.  ഏതാണ്ട് 10% മൈഗ്രേയ്ന്‍ തലവേദനകളും ഉണ്ടാവുന്നത് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലമാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് തലവേദനയും മൈഗ്രേയ്നും വരുത്തി വയ്ക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം.

ഒന്ന്...

തലവേദനയുള്ള സമയത്ത്  കോഫി കുടിക്കുന്നത് നല്ലതാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ഒരു ദിവസം മൂന്ന് കപ്പില്‍ കൂടുതല്‍ കോഫി കുടിക്കുന്നത് മൈഗ്രേയ്ന്‍ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത് എന്ന് 'അമേരിക്കന്‍ ജേണല്‍ ഓഫ് മെഡിസിന്‍'-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോഫിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് തലവേദന വര്‍ധിപ്പിക്കുന്നത്. 

രണ്ട്... 

മൈഗ്രേയ്ന്‍ സ്ഥിരമായി വരുന്നയാളാണ് നിങ്ങള്‍ എങ്കില്‍, മദ്യപാനം എന്ന ദുശീലം ഉപേക്ഷിക്കണം. മൈഗ്രേയ്ന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം.  മദ്യപാനം മൈഗ്രേയ്ന്‍ കൂട്ടുമെന്നും 'യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂറോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

മൂന്ന്...

അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേയ്ന്‍ സാധ്യത ഉണ്ടാക്കും. സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക.

നാല്... 

കൃത്രിമ മധുരം കഴിക്കുന്നതും തലവേദനയെ വര്‍ധിപ്പിക്കുന്നതാണ്. തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക. 

അഞ്ച്...

ചോക്ലേറ്റ് കഴിക്കുന്നതും ശ്രദ്ധിച്ച് വേണം. കാരണം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 22 ശതമാനം ആളുകളില്‍ ചോക്ലേറ്റ് തലവേദന വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ആറ്...

മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്, ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദന കൂട്ടാം. 

ഏഴ്...

ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം അരുത്. 

എട്ട്...

തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നു. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. 

Also Read: നിങ്ങള്‍ക്ക് മൈഗ്രേയ്‌നുണ്ടോ? ഒരുപക്ഷേ കാരണമിതാകാം...

click me!