അമിതവണ്ണം കുറയ്‌ക്കാന്‍ ഡയറ്റിലാണോ? ഊണിന്‌ പകരം ഈ ഷെയ്‌ക്കുകള്‍ പരീക്ഷിക്കാം...

By Web TeamFirst Published Feb 27, 2019, 3:29 PM IST
Highlights

പ്രധാനപ്പെട്ട ഒരു ഭക്ഷണം ഒഴിവാക്കുമ്പോള്‍ നമുക്ക്‌ ഉണ്ടായേക്കാവുന്ന അവശ്യഘടകങ്ങളുടെ വിടവ്‌ നികത്താന്‍ നമ്മള്‍ തീര്‍ച്ചയായും കരുതലെടുത്തേ പറ്റൂ. ഇത്തരത്തില്‍ നമുക്ക്‌ അവശ്യം വേണ്ട പ്രോട്ടീനുകള്‍ ഉറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ വിവിധ തരത്തിലുള്ള ഷെയ്‌ക്കുകള്‍

അമിതവണ്ണം കുറയ്‌ക്കാന്‍ ഡയറ്റ്‌ സൂക്ഷിക്കുന്നവര്‍ മിക്കവാറും ആദ്യം ഒഴിവാക്കുന്നത്‌ ഊണ്‌ കഴിക്കുന്ന പതിവ്‌ തന്നെയാണ്‌. ഊണ്‌ ഒഴിവാക്കി പകരം ജ്യൂസുകളോ പഴങ്ങള്‍ മുറിച്ചതോ ഒക്കെ കഴിക്കുകയെന്നതാണ്‌ മിക്കവരും കണ്ടെത്തുന്ന വഴി. എന്നാല്‍ പ്രധാനപ്പെട്ട ഒരു ഭക്ഷണം ഒഴിവാക്കുമ്പോള്‍ നമുക്ക്‌ ഉണ്ടായേക്കാവുന്ന അവശ്യഘടകങ്ങളുടെ വിടവ്‌ നികത്താന്‍ നമ്മള്‍ തീര്‍ച്ചയായും കരുതലെടുത്തേ പറ്റൂ.

ഇത്തരത്തില്‍ നമുക്ക്‌ അവശ്യം വേണ്ട പ്രോട്ടീനുകള്‍ ഉറപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ വിവിധ തരത്തിലുള്ള ഷെയ്‌ക്കുകള്‍. ഊണിന്‌ പകരം വയ്‌ക്കാവുന്ന നാല്‌ തരത്തിലുള്ള ഷെയ്‌ക്കുകളെ കുറിച്ചാണ്‌ ഇനി വിശദീകരിക്കുന്നത്‌.

ഒന്ന്‌...

ആല്‍മണ്ട്‌ ബട്ടര്‍ ആന്റ്‌ മില്‍ക്ക്‌ ഷെയ്‌ക്കിനെ കുറിച്ചാണ്‌ ആദ്യം പറയുന്നത്‌. ആല്‍മണ്ട്‌ ബട്ടറോ, ആല്‍മണ്ടോ, പാലിലോ യോഗര്‍ട്ടിലോ കലര്‍ത്തിയുണ്ടാക്കുന്നതാണ്‌ ഈ ഷെയ്‌ക്ക്‌. ഇത്‌ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.


ബദാം (ആല്‍മണ്ട്‌) ആണ്‌ ചേര്‍ക്കുന്നതെങ്കില്‍ ഒരുപിടി ബദാമെടുക്കുക, അല്ലെങ്കില്‍ നട്ട്‌സ്‌ ബട്ടറും ആകാം. ഇത്‌ പ്രോട്ടീന്‍ സമ്പുഷ്ടമായ പാലില്‍ ചേര്‍ത്ത്‌ അടിക്കാം. അല്ലെങ്കില്‍ കാത്സ്യം പോലുള്ള ധാതുക്കളാല്‍ സമ്പുഷ്ടമായ യോഗര്‍ട്ടില്‍ ചേര്‍ത്തും അടിക്കാം. സംഭവം റെഡി. ആവശ്യമെങ്കില്‍ ഇതിലേക്ക്‌ ചെറുപഴമോ നേന്ത്രപ്പഴമോ കൂടി ചേര്‍ക്കാവുന്നതാണ്‌.

രണ്ട്‌...

ഓട്ട്‌സ്‌ ആന്റ്‌ നട്ട്‌സ്‌ ഷെയ്‌ക്കിനെ കുറിച്ചാണ്‌ ഇനി പറയുന്നത്‌. നമുക്കറിയാം ഓട്ട്‌സ്‌ ആരോഗ്യത്തിന്‌ ഏറെ ഗുണം ചെയ്യുന്നതിനൊപ്പം തന്നെ വണ്ണം കുറയ്‌ക്കാനും സഹായിക്കും.


ഓട്ട്‌സ്‌ ഒന്ന്‌ ചൂടാക്കിയ ശേഷം പാലില്‍ കലര്‍ത്തി, അതിലേക്ക്‌ നട്ട്‌സ്‌ കൂടി ചേര്‍ത്താല്‍ ഈ ഷെയ്‌ക്ക്‌ റെഡി. ഇതിലേക്ക്‌ ആവശ്യമെങ്കില്‍ ബെറികളോ മറ്റോ ചേര്‍ക്കാവുന്നതാണ്‌.

മൂന്ന്‌...

മൂന്നാമതായി പറയുന്നത്‌ അല്‍പം വ്യത്യസ്‌തമായ ഒരു ഷെയ്‌ക്കിനെ കുറിച്ചാണ്‌. ബീറ്റ്‌റൂട്ട്‌ പ്രോട്ടീന്‍ ഷെയ്‌ക്ക്‌. പേര്‌ സൂചിപ്പിക്കും പോലെ തന്നെ ബീറ്റ്‌റൂട്ടാണ്‌ ഇതിലെ പ്രധാന ഘടകം.


അയേണ്‍, കാര്‍ബ്‌സ്‌ പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്‌ ബീറ്റ്‌റൂട്ട്‌. ഇതോടൊപ്പം സോയ മില്‍ക്കോ നട്ട്‌ മില്‍ക്കോ അതല്ലെങ്കില്‍ യോഗര്‍ട്ടോ ഒക്കെ ബെയ്‌സ്‌ ആയി ചേര്‍ക്കാവുന്നതാണ്‌.

നാല്‌...

അവസാനമായി പറയുന്നത്‌ പൈനാപ്പിള്‍ അല്ലെങ്കില്‍ മാംഗോ പ്രോട്ടീന്‍ ഷെയ്‌ക്കിനെ കുറിച്ചാണ്‌. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന പഴങ്ങളായതുകൊണ്ട്‌ തന്നെ പൈനാപ്പിളും മാമ്പഴവും വണ്ണം കുറയ്‌ക്കാല്‍ സഹായിക്കുന്ന ഘടകങ്ങളാണ്‌.


യോഗര്‍ട്ടാണ്‌ ഈ ഷെയ്‌ക്കിന്‌ ബെയ്‌സ്‌ ആയി ഉപയോഗിക്കേണ്ടത്‌. ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പോ മറ്റെന്തെങ്കിലും നട്ട്‌സോ ഡ്രൈ ഫ്രൂട്ട്‌സോ ഒക്കെ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

click me!