
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
സദ്യ വിഭവങ്ങളിൽ മുൻപിൽ നിൽക്കുന്നത് പായസം തന്നെയാണ്. പതിനാറ് കൂട്ടം കറികൾ കൂട്ടി ഊണ് കഴിച്ച് അവസാനം സ്വാദ് ഏറിയ പായസവും കഴിച്ചാൽ വയറുംമനസും ഒരുപോലെ നിറയും അല്ലേ. ഈ വിഷുസദ്യയ്ക്ക് വിളമ്പാൻ ഒരു വെറെെറ്റി മൾട്ടി കളർഡ് പ്രഥമൻ തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
കാരറ്റ് - 2 എണ്ണം
ബീൻസ് - 3 എണ്ണം
കുമ്പളങ്ങ - 2 ചെറിയ കഷ്ണം
കോളിഫ്ളവർ - 3 ചെറിയ കഷ്ണം
ചൗവരി കുതിർത്തത് - 1 സ്പൂൺ
മിൽക്ക് മെയ്ഡ് - 3/4 ടിൻ
നട്സ് - 15 എണ്ണം
കിസ്മിസ് - 1 പിടി
തേങ്ങാക്കൊത്ത് - 1 വലിയ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് - അരസ്പൂൺ
ചുക്കുപൊടി - അര ടീസ്പൂൺ
നെയ്യ് - 2 വലിയ സ്പൂൺ
ഒരു തേങ്ങയുടെ പാൽ
ഈന്തപ്പഴം കുതിർത്തത് - 5 എണ്ണം
ഉപ്പ് - ഒരു നുള്ള്
പഞ്ചസാര കാരമലെയ്സ് ചെയ്തത് - 2 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം..
കാരറ്റ്, ബീൻസ്, കുബളങ്ങ, കോളിഫ്ളവർ എന്നിവ ചെറുതായി അരിഞ്ഞ് ആവിയിൽ മൂന്ന് മിനിറ്റ് വേവിക്കുക. ഒരു ഉരുളിയിൽ നെയ് ഒഴിച്ച് നട്സ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് മാറ്റിവയ്ക്കുക. അതിന് ശേഷം ആ നെയ്യിൽ കാരറ്റ്, ബീൻസ്, കുമ്പളങ്ങ, കോളിഫ്ളവർ, ഈന്തപ്പഴം എന്നിവ വഴറ്റുക. ഒരു നുള്ള് ഉപ്പ് ചേർക്കുക. അതിൽ തേങ്ങയുടെ രണ്ടാം പാലും കുതിർത്ത ചൗവരിയും പഞ്ചസാര കാരമലെയ്സ് ചെയ്തതും ചേർക്കുക. നല്ല തിളവന്നതിന് ശേഷം ഏലയ്ക്ക പൊടി, ചുക്ക് പൊടി, നെയ്യിൽ വറുത്ത നട്സ്, കിസ്മിസ് എന്നിവയും തേങ്ങയുടെ ഒന്നാംപാലും ചേർത്ത് വാങ്ങുക. ശേഷം ഒരു സെർവിംഗ് ഡിഷിൽ ചേർത്ത് അലങ്കരിക്കുക. വ്യത്യസ്തമായ പായസം തയ്യാർ...
വിഷുവിന് വിളമ്പാൻ ഒരു വെറെെറ്റി പായസം തയ്യാറാക്കിയാലോ?