മെസിയില്ലാതെയും 'ഗോൾമഴ', കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് അർജന്‍റീനയുടെ പുതുയുഗപ്പിറവി

Published : Nov 18, 2026, 08:30 PM IST
Argentina

Synopsis

കോസ്റ്ററിക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ലിയോണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീനയ്ക്ക് എതിരില്ലാത്ത ഏഴ് ഗോളുകളുടെ തകർപ്പൻ ജയം.

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസിയില്ലാത്ത പുതിയ കാലഘട്ടത്തിലേക്ക് തകർപ്പൻ ജയവുമായി ചുവടുവെച്ച് അർജന്‍റീന. കോർഡോബയിലെ മാരിയോ ആൽബെർട്ടോ കെംപസ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്‍റീന തകർത്തത്. യുവതാരങ്ങളായ നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്‍റുവോനോ എന്നിവർ ഇരട്ട ഗോളുകൾ വീതം നേടി തിളങ്ങിയപ്പോൾ, അലക്സിസ് മാക് അലിസ്റ്ററും അർജന്‍റീനയ്ക്കായി വലകുലുക്കി.

ആരാധകരെ വീണ്ടും ടീമുമായി പ്രണയത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മത്സരശേഷം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറഞ്ഞു. ലിയോ ഇല്ലാത്ത ഈ പുതിയ ഘട്ടത്തിൽ വിജയത്തോടെ തന്നെ തുടങ്ങണമെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും ചെൽസി താരം കൂടിയായ മാർട്ടിനെസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ഉറുഗ്വേയോട് 2-1 ന് പരാജയപ്പെട്ട ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് 2026 ലോകകപ്പ് റണ്ണറപ്പുകളായ അർജന്‍റീന കളത്തിലിറങ്ങിയത്. പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിനാണ് കോർഡോബ സാക്ഷ്യം വഹിച്ചത്.

ആദ്യ പകുതിയിൽ നിക്കോ പാസായിരുന്നു അർജന്‍റീനയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എട്ടാം മിനിറ്റിൽ അൽവാരസിൽ നിന്ന് തുടങ്ങി എൻസോ ഫെർണാണ്ടസിന്‍റെ ബാക്ക്-ഹീൽ പാസിലൂടെ എത്തിയ പന്ത് ഇടംകാൽ ഷോട്ടിലൂടെ വലയിലെത്തിച്ച് പാസ് ഗോളടിക്ക് തുടക്കമിട്ടു. 38-ാം മിനിറ്റിൽ മൂന്ന് എതിർ പ്രതിരോധ താരങ്ങൾക്കിടയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ടോപ് കോർണറിലേക്ക് തൊടുത്ത തകർപ്പൻ വലംകാൽ ഷോട്ടിലൂടെ പാസ് തന്‍റെ രണ്ടാം ഗോളും നേടി.

മെസിയുടെ ഐക്കോണിക് പത്താം നമ്പർ ജേഴ്സി ഏറ്റെടുക്കാൻ ഏറ്റവും യോഗ്യനായ താരമെന്ന നിലയിലാണ് കോമോയുടെ ഈ യുവ മിഡ്ഫീൽഡറെ ആരാധകർ നോക്കിക്കാണുന്നത്. എന്നാൽ പത്താം നമ്പർ ജേഴ്സിയെക്കുറിച്ച് താനിപ്പോൾ ചിന്തിക്കുന്നില്ലെന്നും, ദേശീയ ടീമിനായി കളിക്കാനും മൈതാനത്ത് ഫുട്ബോൾ ആസ്വദിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും മത്സരശേഷം പാസ് പ്രതികരിച്ചു. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ മുടങ്ങിയതിന് ശേഷമുള്ള മോശം ഫോമിന് വിരാമമിട്ടുകൊണ്ടാണ് ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടിയത്. 35-ാം മിനിറ്റിൽ ലീഡ് ഉയർത്തിയ അൽവാരസ്, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇടംകാൽ ഷോട്ടിലൂടെ അർജന്‍റീനയുടെ നാലാം ഗോളും തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

രണ്ടാം പകുതിയിൽ നിക്കോ പാസിന് പകരക്കാരനായി എത്തിയ ഫ്രാങ്കോ മസ്താന്‍റുവോനോ 48-ാം മിനിറ്റിൽ മാക്സിമോ പെറോണിന്‍റെ ത്രൂ ബോളിൽ നിന്ന് ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ജിയൂലിയാനോ സിമിയോണിയുടെ അസിസ്റ്റിൽ നിന്ന് മസ്താന്‍റുവോനോ തന്‍റെ രണ്ടാം ഗോളും പൂർത്തിയാക്കി. അലക്സിസ് മാക് അലിസ്റ്ററാണ് അർജന്‍റീനയുടെ ഗോൾപട്ടിക തികച്ചത്.

ഒരു മാസം മുമ്പ് ചെൽസിക്കായി കളിക്കുന്നതിനിടെ താടിയെല്ലിനേറ്റ പരിക്കിനെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായാണ് എമിലിയാനോ മാർട്ടിനെസ് അർജന്‍റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തിയത്. പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയുടെ അഭാവത്തിൽ ക്യാപ്റ്റന്‍റെ ആംബാൻഡ് അണിഞ്ഞ മാർട്ടിനെസ്, അർജന്‍റീനയ്ക്കായി 47 ക്ലീൻ ഷീറ്റുകൾ എന്ന സെർജിയോ റൊമേറോയുടെ റെക്കോർഡിനൊപ്പവുമെത്തി. സഹതാരങ്ങൾക്ക് തന്നെ ആവശ്യമുള്ളതിനാലാണ് പരിക്കിൽ നിന്ന് വേഗം മുക്തനായി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതെന്ന് മാര്‍ട്ടിനെസ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സാഫില്‍ ഇന്ത്യക്ക്‌ പത്താം കിരീടം, ആദ്യ പകുതിയില്‍ മുന്നിലെത്തിയ പാക്കിസ്ഥാനെ രണ്ടാം പകുതിയില്‍ വരുതിയിലാക്കി, കന്നിക്കിരീടം കൈവിട്ട്‌ പാക്കിസ്ഥാന്‍
വാള്‍ട്ടര്‍ സാമുവല്‍ അര്‍ജന്റീന ടീം വിടുന്നു, 2030 ലോകകപ്പില്‍ മെസി അര്‍ജന്റീനയുടെ കോച്ചിംഗ്‌ സ്‌റ്റാഫ്‌? മറുപടി നല്‍കി ലയണല്‍ സ്‌കലോണി