
ബാഴ്സലോണ: ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേയുമായുള്ള(Ousmane Dembele) കരാർ റദ്ദാക്കാനൊരുങ്ങി സ്പാനിഷ് ക്ലബ് ബാഴ്സലോണ(Barcelona). മിഡ് സീസൺ ട്രാൻസ്ഫർ ജാലകത്തിൽ ഡെംബലേ ടീം വിട്ടുപോകാത്തതിന് പിന്നാലെയാണ് ബാഴ്സയുടെ നടപടി. ജനുവരി മുപ്പത്തിയൊന്നിന് അവസാനിച്ച മിഡ് സീസൺ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിട്ടുപോകണമെന്ന് എഫ് സി ബാഴ്സലോണ ഒസ്മാൻ ഡെംബലേയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു.
ബാഴ്സലോണ നൽകിയ പുതിയ കരാർ ഫ്രഞ്ച്താരം നിരസിച്ചതിന് പിന്നാലെയായിരുന്നു ഇത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്ന് കോച്ച് സാവിയും നിലപാട് വ്യക്തമാക്കി. അവസാന രണ്ട് മത്സരത്തിനുള്ള ടീമിൽ നിന്ന് ഡെംബലേയെ ഒഴിവാക്കുകയും ചെയ്തു. ഡെംബലേയുടെ ഏജന്‍റ് മൂസ സിസോക്കോ പി എസ് ജി, ടോട്ടനം, ചെൽസി ക്ലബുകളുമായി ചർച്ച നടത്തിയെങ്കിലും ട്രാൻസ്ഫർ സമയം കഴിയും മുൻപ് കരാറിലെത്താൻ കഴിഞ്ഞില്ല. ഇതോടെ ഡെംബേലേയും ബാഴ്സയും ഒരുപോലെ പ്രതിസന്ധിയായി.
സീസൺ അവസാനിക്കുംവരെ ഫ്രഞ്ച് താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞേക്കില്ല. ഖത്തർ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടംപിടിക്കാനുള്ള സാധ്യതയും കുറയും. ഡെംബലേയുടെ കരാർ റദ്ദാക്കിയില്ലെങ്കിൽ പുതിയതായി ടീമിലെത്തിച്ച ഒബമയാംഗിനെ ലാ ലീഗയിലും യൂറോപ്പ ലീഗിലും രജിസ്റ്റർ ചെയ്യാൻ ബാഴ്സയ്ക്ക് കഴിയില്ല.
സ്പാനിഷ് ഫുട്ബോളിൽ ഓരോ ടീമിനും ശമ്പളം നൽകുന്നതിന് നിയന്ത്രണമുണ്ട്. ഈ പശ്ചാത്തലത്തിൽ ഒബമയാംഗിനെ ടീമിന്‍റെ ഭാഗമാക്കാൻ ഈ സീസൺ അവസാനം വരെയുള്ള ഡെംബലേയുടെ കരാർ റദ്ദാക്കാനാണ് ബാഴ്സലോണയുടെ നീക്കം.