
കോഴിക്കോട്: ബൈക്കപകടത്തില്‍ മരിച്ച റിജോണ്‍ ജോസിന്റെ ഓര്‍മകള്‍ തങ്ങി നിന്ന അന്തരീക്ഷത്തില്‍, കാലിക്കറ്റ് എഫ് സി താരങ്ങള്‍ക്ക് ജയിച്ചേ തീരുമായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് കാലിക്കറ്റ് എഫ് സി സീസണ്‍ ആരംഭിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ക്യാപ്‌റ്റന്‍ പ്രശാന്ത് (22 മിനുട്ട്), മാക്‌സിമിലിയാനോ (45+3) എന്നിവരാണ് സ്‌കോര്‍ ചെയ്‌തത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ കൊമ്പന്‍സിനെതിരെയുള്ള മേധാവിത്വം തുടരാന്‍ കാലിക്കറ്റിന് സാധിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലായി നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നിലും ജയം കാലിക്കറ്റിനായിരുന്നു. ഒരു മത്സരം സമനിലയായി. ഹോം ഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ് സിയുടെ അടുത്ത മത്സരം ഒക്ടോബര്‍ 2ന് മലപ്പുറം എഫ് സിയുമായിട്ട്.
അര്‍ജന്റൈന്‍ കരുത്തില്‍ കാലിക്കറ്റ്..
സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെ കാലിക്കറ്റ് എഫ് സി ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയത് അര്‍ജന്റീനക്കാരുടെ കരുത്തില്‍. 22ാം മിനുട്ടില്‍ കാലിക്കറ്റിന്റെ ക്യാപ്‌റ്റന്‍ പ്രശാന്ത് നേടിയ ഗോളൊരുക്കിയത് അര്‍ജന്റൈന്‍ മിഡ്‌ഫീല്‍ഡര്‍ ഫെഡറികോ ഹെര്‍നാന്‍ ബോസോ ആയിരുന്നു. ബോക്‌സിനുള്ളിലേക്ക് ബോസോ ഡ്രിബിള്‍ ചെയ്‌ത് കയറി, ലൈനിനരികില്‍ വെച്ച് തളികയിലെന്ന പോലെ പ്രശാന്തിന് അസിസ്റ്റ് ചെയ്‌തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (48) പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോള്‍ നേടിയത് മറ്റൊരു അര്‍ജന്റീനക്കാരന്‍ മാക്‌സിമിലിയാനോ നികോളാസ് ഉറൂടി ആയിരുന്നു. പ്രതിരോധ നിരയിലെ അര്‍ജന്റീനക്കാരന്‍ അലക്‌സിസ് ഗാസ്‌റ്റന്‍ സോസയും തിളങ്ങി. കൊമ്പന്‍സിന്റെ ബ്രസീല്‍ ഫോര്‍വേഡ് പോളോ സീസര്‍ പെരേരയെ തുടരെ മാര്‍ക്ക് ചെയ്‌തത് സോസയായിരുന്നു. മധ്യനിരയില്‍ വില്ലലോബോസിന്റെ ത്രൂ പാസുകള്‍ കൊമ്പന്‍സിന്റെ പ്രതിരോധ നിരയുടെ താളം തെറ്റിച്ചു.
മധ്യനിര പിടിച്ചെടുത്തു...
മധ്യനിരയിലായിരുന്നു കളി. കാലിക്കറ്റ് എഫ് സിയുടെ നീക്കങ്ങള്‍ക്ക് തന്ത്രം മെനഞ്ഞത് അര്‍ജന്റീനയുടെ ഫെഡറികോ ഹെര്‍നാന്‍ ബോസോ. തിരുവനന്തപുരം കൊമ്പന്‍സിന്റെ മധ്യനിരയിലെ ബ്രസീലിന്റെ പാട്രിക് സില്‍വ മോട്ട മറുഭാഗത്തും കളി മെനഞ്ഞു. 4-3-2-1 ഫോര്‍മേഷനിലായിരുന്നു കാലിക്കറ്റ് കളിച്ചത്. മുഹമ്മദ് റിയാസ്, മനോജ് മാര്‍ക്കോസ്, സോസ, പ്യുയ എന്നിവര്‍ പ്രതിരോധത്തില്‍. വില്ലലോബസ്, കാല്‍വിന്‍ തോമസ്, ബോസോ മധ്യനിരയില്‍. വിംഗുകളില്‍ പ്രശാന്തും ആന്‍ഡ്രൂസും. സ്‌ട്രൈക്കര്‍ മാക്‌സിമിലിയാനോ. ഗോള്‍ വല കാത്തത് മിര്‍ഷാദായിരുന്നു. കൊമ്പന്‍സും മധ്യനിരക്ക് പ്രധാന്യമുള്ള 4-3-2-1 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ ക്യാപ്‌റ്റന്‍ ഷിനുവും ജസ്റ്റിനും അഭിറാമും ഷേനും. ഘാനയുടെ ഗോര്‍ഡനും ബ്രസീലിന്റെ മോട്ടയും അംഗോളയുടെ കെയ്‌താലോയും. മുന്നേറ്റനിരയില്‍ കപില്‍, മുഹമ്മദ് നിഷാം, ബ്രസീലിയന്‍ പോളോ. ഗോള്‍വല കാത്തത് സത്യജിത്.
ആക്രമിക്കാനുറച്ച് കൊമ്പന്‍സ്...
രണ്ടാം പകുതിയില്‍, ഗോളുകള്‍ തിരിച്ചടിക്കാന്‍ രണ്ട് മാറ്റങ്ങളോടെയാണ് കൊമ്പന്‍സ് കളത്തിലിറങ്ങിയത്. മധ്യനിരയില്‍ ഗോര്‍ഡനെ പിന്‍വലിച്ച് അര്‍ജുനെ ഇറക്കി. മുന്നേറ്റ നിരയിലേക്ക് ജംഷീദ് അലിയുമെത്തി. പെനാല്‍റ്റിക്ക് കാരണമായ ഫൗള്‍ ചെയ്‌ത ജസ്റ്റിന്‍ ജോര്‍ജിന് പകരം ഘാനയുടെ സ്റ്റീഫന്‍ അക്വയും കളത്തിലിറങ്ങി. എന്നാല്‍, ഈ മാറ്റങ്ങളൊന്നും ഫലം കണ്ടില്ല.
ബോസോ മാജിക്...
ആദ്യ പതിനഞ്ച് മിനുട്ട് നേരം കൊമ്പന്‍സിന്റെ വരുതിയിലായിരുന്നു പന്ത്. അതിനൊരു മാറ്റം വന്നത് കാലിക്കറ്റിന്റെ അര്‍ജന്റൈന്‍ മിഡ്‌ഫീല്‍ഡര്‍ ബോസോ കളിയുടെ നിയന്ത്രണം പതിയെ ഏറ്റെടുത്തതോടെയാണ്. പതിനെട്ടാം മിനുട്ടില്‍ തുടരെ കൊമ്പന്‍സ് ഗോള്‍മുഖം വിറച്ചു. ബോസോയുടെ ക്രോസ് ബോള്‍ ഗോള്‍ഭീഷണി സൃഷ്ടിച്ച് കോര്‍ണര്‍ കിക്കില്‍ കലാശിച്ചു. ആ കിക്കും കോര്‍ണറില്‍ കലാശിച്ചു. എല്ലാ കിക്കും എടുക്കുന്നത് ബോസോ തന്നെ. പത്താം നമ്പര്‍ താരത്തിന്റെ മനോഹരമായ പാസിംഗും അളന്നുതൂക്കിയുള്ള ക്രോസ് ബോളുകളും എതിരാളികളുടെ നില തെറ്റിച്ചു. കളിയിലെ താരമായതും ബോസോ ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!