ലോകകകപ്പ് യോഗ്യതയില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ. 

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്രനേട്ടത്തിനുടമായായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോകകകപ്പ് യോഗ്യതയില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ. ഐതിഹാസിക പ്രകടനമായിരുന്നു മാഞ്ച്സ്റ്റര്‍ യുനൈറ്റഡ് താരത്തിന്റേത്. 

തുടക്കത്തില്‍ പെനാല്‍റ്റി നഷ്ടമാക്കിയ താരം പിന്നീട് ഒരു തുറന്ന അവസരവും നഷ്ടമാക്കി. ഇതിനിടെ അയര്‍ലന്‍ഡ് ലീഡെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഒരിക്കല്‍കൂടി ക്രിസ്റ്റിയാനോ തന്റെ വിലയെന്താണെന്ന് അറിയിച്ചുകൊടുത്തു. 89-ാം മിനിറ്റില്‍ താരത്തിന്റെ സമനില ഗോള്‍. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് രണ്ടാം ഗോളിലൂടെ ക്രിസ്റ്റിയാനോ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

36കാരനായ റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ 111 ഗോളായി. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇറാന്‍ താരം അലി ദേയി നേടിയ 109 ഗോളുകളുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച സെര്‍ജിയോ റാമോസിനൊപ്പം (180 മത്സരങ്ങള്‍) എത്താനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു.

ലോകകപ്പ് യോഗ്യതയിലെ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെ ബോസ്‌നിയ സമനിലയില്‍ തളച്ചിട്ടു. 36-ാം മിനിറ്റില്‍ എഡിന്‍ സെക്കോ ബോസ്‌നിയയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഫ്രാന്‍സിന് വേണ്ടി സമനില ഗോള്‍ നേടി. നോര്‍വെ നെതര്‍ലന്‍ഡ്‌സിനെ 1-1ന് പിടിച്ചുകെട്ടി. ഡെന്‍മാര്‍ക്ക് എതിരില്ലാത്ത രണ്ട് ഗോളിന് സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു.