Asianet News MalayalamAsianet News Malayalam

വിമര്‍ശനം കനത്തു; സിദാനെ അപമാനിച്ചതില്‍ ഒടുവില്‍ മാപ്പു പറഞ്ഞ് ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റ്

സിദാനെതിരെ താന്‍ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളില്‍ മാപ്പു പറയുന്നു. അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുക എന്നത് എന്‍റെ ഉദ്ദേശമായിരുന്നില്ല. അഭിമുഖകാരന്‍ ഫ്രാന്‍സിന്‍റെ രണ്ട് ഇതിഹാസ താരങ്ങളായ ദിദിയെര്‍ ദെഷാമിനെയും സിനദിന്‍ സിദാനെയും എതിരാളികളായി നിര്‍ത്തി വിവാദമുണ്ടാക്കാനാണ് ശ്രമിച്ചത്.

French Football Federation president Noel Le Graet apologizes to Zinedine Zidane remarks
Author
First Published Jan 10, 2023, 2:01 PM IST

പാരീസ്: ഫ്രാന്‍സിന്‍റെ പരിശീലക സ്ഥാനത്ത് ദിദിയെര്‍ ദെഷാമിന് 2026 ലോകകപ്പ് വരെ കാലാവധി നീട്ടി നല്‍കിയതിന് പിന്നാലെ ഒരു അഭിമുഖത്തില്‍ ഇതിഹാസ താരം സിനദിന്‍ സിദാനെ അപമാനിച്ച സംഭവത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റ്  നോയല്‍ ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞു. ലാ ഗ്രായെറ്റിന്‍റെ പ്രസ്താവനക്കെതിരെ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മുന്‍ കാല താരങ്ങളും രാഷ്ട്രീയ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞത്.

ഫ്രാന്‍സിന്‍റ ഇതിഹാസ താരമായ സിദാനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ലെ ഗ്രായെറ്റ് പറഞ്ഞു. സിദാനെതിരെ താന്‍ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളില്‍ മാപ്പു പറയുന്നു. അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുക എന്നത് എന്‍റെ ഉദ്ദേശമായിരുന്നില്ല. അഭിമുഖകാരന്‍ ഫ്രാന്‍സിന്‍റെ രണ്ട് ഇതിഹാസ താരങ്ങളായ ദിദിയെര്‍ ദെഷാമിനെയും സിനദിന്‍ സിദാനെയും എതിരാളികളായി നിര്‍ത്തി വിവാദമുണ്ടാക്കാനാണ് ശ്രമിച്ചത്. സിദാനോട് എക്കാലത്തും ബഹുമാനമെയുള്ളു. സിദാനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലാത്തതായിരുന്നു. അത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഫ്രാന്‍സിലെ ജനങ്ങള്‍ക്കെന്നപോലെ സിദാനോട് എനിക്കുള്ള ബഹുമാനം അദ്ദേഹത്തിന് അറിയാമെന്നും ലെ ഗ്രായെറ്റ് പറഞ്ഞു.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്

സിദാനെ അപമാനിച്ചതിനെതിരെ കിലിയന്‍ എംബാപ്പെ ഇന്നലെ ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു. ഫ്രാന്‍സ് എന്നാല്‍ സിദാനാണെന്നും അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തെ അപമാനിക്കരുതെന്നും എംബാപ്പെ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഫ്രാന്‍സ് പരിശീലകനാവാനുള്ള ആഗ്രഹം പരസ്യമാക്കിയിട്ടുള്ള സിദാനെ അവഗണിച്ചാണ് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നിലവിലെ പരിശീലകനും സിദാന്‍റെ സഹതാരവുമായിരുന്ന ദിദിയെര്‍ ദെഷാമിന് 2026 രെ കാലാവധി നീട്ടി നല്‍കിയത്.

ഫ്രാന്‍സ് പരിഗണിക്കാത്ത സാഹചര്യത്തില്‍ സിദാന്‍ ബ്രസീല്‍ പരിശീലകനായി പോവുമോ എന്ന ചോദ്യത്തിന് ലെ ഗ്രായെറ്റ് നല്‍കിയ മറുപടിയാണ് വിമര്‍ശനത്തിന് കാരണമായത്. അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല, അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തേക്ക് പോകാം. ഫ്രാന്‍സിന്‍റെ പരിശീലകനാവാന്‍ അദ്ദേഹത്തിന് ആഗ്രമുണ്ടായിരുന്നു എന്ന് എനിക്കറിയാം. ദെഷാമിന്‍റെ പകരക്കാരനായി വരാന്‍ സിദാന് കുറേപ്പേരുടെ പിന്തുണയുണ്ടെന്നും എനിക്കറിയാം. എന്നാല്‍ ദെഷാമിന് പകരക്കാരനാവാന്‍ ആര്‍ക്കാണ് കഴിയുക. ആര്‍ക്കുമില്ല, സിദാന്‍ അത് ആഗ്രഹിക്കുന്നെങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല,
ഞാന്‍ സിദാനെ കണ്ടിട്ടില്ല, ദെഷാമുമായി വഴി പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ല. അതുകൊണ്ട് സിദാന് എവിടെ വേണമെങ്കിലും പോകാം. ഏതെങ്കിലും ക്ലബ്ബിലേക്കോ എവിടേക്കാണെങ്കിലും. ഇനി ഇതുപറഞ്ഞ് സിദാന്‍ എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ല എന്നായിരുന്നു ലെ ഗ്രായെറ്റ് അഭിമുഖത്തില്‍ പറഞ്ഞത്. ഫ്രാന്‍സിലെ കായിക മന്ത്രിയായ അമേലി ഒഡേയയും കാസ്റ്റേരയും ലെ ഗ്രായെറ്റിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പരിധികള്‍ ലംഘിച്ചുവെന്ന് മന്ത്രി പറഞ്ഞു.

പോര്‍ച്ചുഗല്‍ പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസ്; ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

അമേരിക്കൻ ഫുട്ബോൾ ടീമിന്‍റെ പരിശീലകനാവാനുള്ള ഓഫർ സിനദിൻ സിദാൻ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ലോകകപ്പോടെ കരാർ അവസാനിച്ച ഗ്രെഗ് ബെർഹാൾട്ടറിന് പകരമാണ് അമേരിക്ക സിദാനെ സമീപിച്ചത്. എന്നാൽ അമേരിക്കൻ കോച്ചാവാൻ താൽപര്യമില്ലെന്ന് സിദാൻ വ്യക്തമാക്കി. നേരത്തേ, ബ്രസീൽ , പോർച്ചുഗൽ ടീമുകളും സിദാനെ പരിഗണിച്ചിരുന്നു. റയൽ മാഡ്രിഡിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിദാൻ മറ്റ് ചുമതലകൾ ഒന്നും ഏറ്റെടുത്തിട്ടില്ല. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ള സിദാന്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പരിശീലകനാണ്.

Follow Us:
Download App:
  • android
  • ios