Asianet News MalayalamAsianet News Malayalam

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

കായ് ഹാവര്‍ട്‌സ്, റോബിന്‍ ഗോസന്‍സ് എന്നിവരുടെ വകയായിരുന്നു ജര്‍മനിയുടെ മറ്റു രണ്ട് ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുള്‍ നേടിയത്.

Portuguese lost to Germany in Euro 2020
Author
Munich, First Published Jun 19, 2021, 11:46 PM IST

മ്യൂണിക്ക്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി. പോര്‍ച്ചുഗീസ് പ്രതിരോധ താരങ്ങള്‍ നല്‍കിയ രണ്ട് ദാനഗോളാണ് ജര്‍മനിയുടെ വിജയത്തില്‍ നിര്‍ണായകമായത്. കായ് ഹാവര്‍ട്‌സ്, റോബിന്‍ ഗോസന്‍സ് എന്നിവരുടെ വകയായിരുന്നു ജര്‍മനിയുടെ മറ്റു രണ്ട് ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിന്റെ ഗോളുള്‍ നേടിയത്.

15-ാ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. കൗ്ണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ജര്‍മനിയുടെ കോര്‍ണര്‍ കിക്ക് പോച്ചുഗീസ് പോസ്റ്റില്‍ ക്രിസ്റ്റിയാനോ ഹെഡ് ചെയ്ത ഒഴിവാക്കി. പന്തുമായി മുന്നേറിയ ബെര്‍ണാര്‍ഡോ സില്‍വ, ഡിയോഗോ ജോട്ടയ്ക്ക് മറിച്ച് നല്‍കി. ജര്‍മന്‍ ഗോള്‍ മുഖത്ത് മാനുവല്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ക്രിസ്റ്റിയാനോക്ക് പാസ്. കാലുവച്ച യുവന്റസ് താരം പോര്‍ച്ചുഗലിന് ലീഡ് നല്‍കി. 

35-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ സെല്‍ഫ് ഗോള്‍ ജര്‍മനിക്ക് സമനില സമ്മാനിച്ചു. ഗോസന്‍സിന്റെ നിലംപറ്റെയുള്ള ക്രോസില്‍ അപകടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഡയസിന്റെ കാലില്‍ തട്ടി ഗോള്‍വര കടന്നു. സ്‌കോര്‍ 1-1. നാല് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു സെല്‍ഫ് ഗോളിലൂടെ ജര്‍മനി ലീഡെടുത്തു. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയാണ് ഗോള്‍ നേടിയത്. 

51-ാം മിനിറ്റിലാണ് ജര്‍മന്‍ താരത്തിന്റെ കാലില്‍ നിന്നുള്ള ആദ്യ ഗോളുണ്ടായത്. ഹാവെര്‍ട്‌സാണ് ഗോള്‍ നേടിയത്. ഗോസന്‍സിന്റെ സഹായത്തില്‍ ഹാവര്‍ട്‌സ് വല കുലുക്കി. 60-ാം മിനിറ്റില്‍ നാലാം ഗോളും പിറന്നു. ഇത്തവണ ഗോസന്‍സിനായിരുന്നു അവസരം. ജോഷ്വ കിമ്മിച്ചിന്റെ അസിസ്റ്റ്. ഇതിനിടെ പോര്‍ച്ചുഗല്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തി. 67-ാം മിനിറ്റില്‍ ജോട്ടയിലൂടെ ഒരു ഗോള്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ക്രിസ്റ്റിയാനോയാണ് പാസ് നല്‍കിയത്. 79-ാം മിനിറ്റില്‍ റെനാറ്റോ സാഞ്ചസിന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി മടങ്ങി.

രണ്ട് മത്സരങ്ങളില്‍ മൂന്ന പോയിന്റുള്ള ജര്‍മനി രണ്ടാമതും ഇത്രയും തന്നെ പോയിന്റുള്ള പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തുമാണ്. നാല് പോയിന്റുള്ള ഫ്രാന്‍സാണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ മറികടന്നെങ്കില്‍ മാത്രമെ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കാനാവൂ.

Follow Us:
Download App:
  • android
  • ios