യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം

By Web TeamFirst Published Jul 2, 2021, 9:08 AM IST
Highlights

ഒറ്റ ഗോളിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ കെട്ടുകെട്ടിച്ചാണ് ബെൽജിയം ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം ഓസ്ട്രിയൻ വെല്ലുവിളി മറികടന്ന് ഇറ്റലിയും വരുന്നു. 

മ്യൂണിക്ക്: യൂറോ കപ്പ് ക്വാർട്ട‍‍ർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം. മുൻ ചാമ്പ്യൻമാരായ ഇറ്റലി സെമി ഫൈനൽ ലക്ഷ്യമിട്ട് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ നേരിടും. മ്യൂണിക്കില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. 

ഒറ്റ ഗോളിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ കെട്ടുകെട്ടിച്ചാണ് ബെൽജിയം ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം ഓസ്ട്രിയൻ വെല്ലുവിളി മറികടന്ന് ഇറ്റലിയും വരുന്നു. നാലിലൊന്നാവാൻ ബെൽജിയവും ഇറ്റലിയും നേർക്കുനേർ വരുമ്പോൾ പ്രവചനം അസാധ്യം. അവസാന 31 കളിയിൽ റോബർട്ടോ മാൻചീനിയുടെ അസൂറിപ്പട തോൽവിയറിഞ്ഞിട്ടില്ല. 

തുടരെ 14 കളി ജയിച്ചിട്ടുണ്ട് റോബ‍ട്ടോ മാർട്ടിനസിസന്‍റെ റെഡ് ഡെവിൾസ്. പരിക്കേറ്റ ക്യാപ്റ്റൻ ഏഡൻ ഹസാർഡും പ്ലേമേക്കർ കെവിൻ ഡിബ്രൂയിനും കളിച്ചേക്കില്ല. ഇവരുടെ അഭാവം നികത്തുകയാവും ബെൽജിയം കോച്ചിന്‍റെ പ്രധാന വെല്ലുവിളി. റൊമേലു ലുക്കാക്കുവും തോർഗൻ ഹസാർഡും ഇറ്റാലിയൻ കോട്ട പിളർക്കുമെന്ന പ്രതീക്ഷയിലാണ് ബെൽജിയം ആരാധകർ. 

കൈനിറയെ താരങ്ങളുള്ള മാൻചീനിക്ക് ആരെ കളിപ്പിക്കണമെന്ന തലവേദനയേ ഉള്ളൂ. പൈതൃകമായി കിട്ടിയ പ്രതിരോധ മികവിനൊപ്പം ഇപ്പോൾ ഗോളടിയിലും ഈറ്റപ്പുലികളാണ് അസൂറികൾ. ഇറ്റലി ക്വാർട്ടർ പോരിനിറങ്ങുന്നത് തുട‍ർച്ചയായ നാലാം തവണയാണ്. മൂന്ന് തവണയും വിധി നിശ്ചയിച്ചത് ഷൂട്ടൗട്ടിലൂടെ. 2008ൽ സ്പെയ്നും 2016ൽ ജർമനിയും പുറത്തേക്കുള്ള വഴിതുറന്നു. 2012ൽ ഇംഗ്ലണ്ടിനെ തോൽപിച്ചു. 

കണക്കുകളില്‍ ഇറ്റലി 

മേജർ ടൂ‍ർണമെന്‍റുകളിൽ ഇറ്റലിയും ബെൽജിയവും നേർക്കുനേർ വരുന്ന അഞ്ചാം പോരാട്ടമാണിത്. ഇറ്റലി മൂന്നിലും ജയിച്ചപ്പോൾ ഒരു കളി സമനിലയിൽ അവസാനിച്ചു. 

ബെൽജിയവും ഇറ്റലിയും ഇതുവരെ 22 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കണക്കുകളിൽ വ്യക്തമായ ആധിപത്യമുള്ളത് ഇറ്റലിയെ കരുത്തരാക്കുന്നു. പതിനാല് മത്സരത്തില്‍ ഇറ്റലിക്കായിരുന്നു ജയം. ബെൽജിയം ജയിച്ചത് നാല് കളിയിൽ മാത്രം. നാല് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും 2016ലെ യൂറോ കപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് ബെൽജിയത്തെ തോൽപിച്ചിരുന്നു. 

കൂടുതല്‍ യൂറോ വാർത്തകള്‍...

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും 

സ്വിസ് പടയ്ക്ക് ഊര്‍ജ്ജമായ 'പേഴ്സണ്‍ ഓഫ് ഗെയിം' കാണിയെ കണ്ടെത്തി.!

'ഇംഗ്ലണ്ട് ജയിച്ചാല്‍...'; .വാക്ക് പാലിച്ചിട്ടും പറഞ്ഞ ഇംഗ്ലീഷുകാരിയെ വിടാതെ മലയാളികള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!