ആരാധകരോക്ഷത്തില്‍ കുലുങ്ങി യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; ആറ് ഇംഗ്ലീഷ് ക്ലബുകളും പിന്‍മാറി, മാപ്പുപറഞ്ഞ് ആഴ്‌സണല്‍

By Web TeamFirst Published Apr 21, 2021, 2:00 PM IST
Highlights

ആരാധക പ്രതിഷേധത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ ഇംഗ്ലീഷ് ക്ലബുകള്‍ മലക്കംമറിഞ്ഞത്. 

മാഞ്ചസ്റ്റര്‍: പന്ത്രണ്ട് വമ്പന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് പ്രഖ്യാപിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെ(ഇഎസ്‌എല്‍) ചൊല്ലി വിവാദം പുകയുന്നതിനിടെ പിന്‍മാറ്റവുമായി ആറ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍. സ്‌പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിനൊപ്പം യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് ചുക്കാന്‍ പിടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണ്‍, ടോട്ടനം ക്ലബ്ബുകളാണ് ലീഗില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ സൂപ്പര്‍ ലീഗിന്‍റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായി. 

ആരാധകരുടേയും മുന്‍താരങ്ങളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ ഇംഗ്ലീഷ് ക്ലബുകള്‍ മലക്കംമറിഞ്ഞത്. സൂപ്പര്‍ ലീഗ് ക്ലബുകളുടെ സ്‌റ്റേഡിയങ്ങളുടെ പുറത്ത് ആരാധകര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മറ്റ് 14 ക്ലബുകളെ ചേര്‍ത്തുനിര്‍ത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(ഇപിഎല്‍) അധികൃതര്‍ നടത്തിയ സമ്മര്‍ദതന്ത്രവും ക്ലബുകളുടെ മനംമാറ്റത്തിന് കാരണമായി. ഇപിഎല്ലിലെ 14 ക്ലബ്ബുകൾ ചൊവ്വാഴ്ച യോഗം ചേർന്ന് യൂറോപ്യന്‍ സൂപ്പർ ലീഗ് പദ്ധതികളെ ഏകകണ്ഠേന തള്ളിക്കളഞ്ഞിരുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റിയാണ് സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍മാറുന്നതായി ആദ്യം പ്രഖ്യാപിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് മറ്റ് അഞ്ച് ക്ലബുകള്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം സൂപ്പര്‍ ലീഗില്‍ ചേര്‍ന്നതിന് ആഴ്‌സണല്‍ ആരാധകരോട് മാപ്പ് പറഞ്ഞു. 'ഞങ്ങളൊരു തെറ്റ് ചെയ്തു, അതിന് മാപ്പ് ചോദിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദേശിച്ചിരുന്നില്ല. സൂപ്പര്‍ ലീഗില്‍ ചേരാനുള്ള ക്ഷണം വന്നപ്പോള്‍, യാതൊരു ഉറപ്പും ഇല്ല എന്നറിഞ്ഞിട്ടും ആഴ്‌സണലിനെയും ക്ലബ്ബിന്‍റെ ഭാവിയേയും ഓര്‍ത്ത് പിന്‍മാറാന്‍ തുനിഞ്ഞില്ല' എന്നാണ് ആഴ്‌സണലിന്‍റെ മാപ്പപേക്ഷയില്‍ പറയുന്നത്. 

ഇഎസ്‌എല്ലിന്‍റെ ഭാവി?

ഇംഗ്ലണ്ടില്‍ നിന്നുള്ള ആറ് ടീമുകള്‍ക്ക് പുറമെ സ്‌‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ഇറ്റലിയില്‍ നിന്നുള്ള എ സി മിലാനും, ഇന്‍റര്‍ മിലാനും യുവന്‍റസും ചേര്‍ന്നാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. ഇഎസ്‌എല്ലില്‍ ചേരില്ലെന്ന് ജര്‍മ്മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കും ബൊറൂസ്യ ഡോര്‍ട്‌മുണ്ടും ഫ്രഞ്ച് ഭീമന്‍ പിഎസ്‌ജിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബുകള്‍ പിന്‍മാറുക കൂടി ചെയ്‌തതോടെ യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാവി തന്നെ ചോദ്യചിഹ്നമായി. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ ആരാധകര്‍ക്ക് പുറമെ മുന്‍താരങ്ങളും പരിശീലകരും ഇപ്പോഴത്തെ താരങ്ങളും രംഗത്തെത്തിയിരുന്നു. ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, സിറ്റി താരം കെവിന്‍ ഡി ബ്രുയിന്‍ എന്നിവര്‍ പ്രതിഷേധം പരസ്യമാക്കി. പുത്തന്‍ ലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്‍മാരുടെ യോഗം അടിയന്തരമായി വിളിക്കുമെന്ന് ലിവര്‍പൂള്‍ നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ അറിയിച്ചിരുന്നു. 

സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളേയും ടീമുകളേയും വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിരുന്നു. ഫിഫയുടേയും യുവേഫയുടേയും ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന ആരോപണത്തിനൊപ്പം  യൂറോപ്യന്‍ സൂപ്പര്‍ ലീഗ് കുഞ്ഞന്‍ ക്ലബുകളെ സാമ്പത്തികമായി തകര്‍ക്കുമെന്ന ആശങ്കയും സജീവമായ പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലബുകള്‍ക്ക് താക്കീത് നല്‍കിയത്. സൂപ്പര്‍ ലീഗിന് തുനിഞ്ഞിറങ്ങിയ ക്ലബുകള്‍ക്കെതിരെ യൂറോപ്പിലെ വിവിധ ഫുട്ബോള്‍ അസോസിയേഷനുകളും ശക്തമായാണ് പ്രതികരിച്ചത്. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: തുറന്നടിച്ച് പെപ്, ആരാധകരില്ലെങ്കില്‍ ഫുട്ബോള്‍ ഇല്ലെന്ന് റാഷ്‌ഫോര്‍ഡ്

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: ക്ലബ്ബുകളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നേട്ടം

യൂറോപ്പില്‍ ഫുട്ബോള്‍ യുദ്ധം! സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 12 വമ്പന്‍ ക്ലബുകള്‍; വിലക്കുമെന്ന് യുവേഫ

മൗറിഞ്ഞോയെ ടോട്ടന്‍ഹാം പുറത്താക്കി; തീരുമാനം സൂപ്പര്‍ ലീഗുമായി സഹകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ

click me!