ഷൂട്ടൗട്ടില്‍ മാജിക്‌ പുറത്തെടുത്ത്‌ ഫോഴ്‌സ കൊച്ചി, തുടരെ രണ്ടാം തോല്‍വിയേറ്റ്‌ തൃശൂര്‍ മാജിക്‌ എഫ്‌ സി

Published : Oct 02, 2026, 02:51 PM IST
SLK- FORCA KOCHI FC VS THRISSUR MAGIC

Synopsis

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ലീഗ്‌ മത്സരം ഷൂട്ടൗട്ടിലെത്തിയപ്പോള്‍ അവിടെ മാജിക്‌ പുറത്തെടുത്തത്‌ ഫോഴ്‌സ കൊച്ചി. ഷൂട്ടൗട്ടില്‍ തൃശൂര്‍ മാജിക്‌ എഫ്‌ സിയെ കീഴടക്കി (4-1) ഫോഴ്‌സ കൊച്ചി തുടര്‍ച്ചയായ രണ്ടാം ജയം നേടി.

തൃശൂർ: സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ലീഗ്‌ മത്സരം ഷൂട്ടൗട്ടിലെത്തിയപ്പോള്‍ അവിടെ മാജിക്‌ പുറത്തെടുത്തത്‌ ഫോഴ്‌സ കൊച്ചി. ഷൂട്ടൗട്ടില്‍ തൃശൂര്‍ മാജിക്‌ എഫ്‌ സിയെ കീഴടക്കി (4-1) ഫോഴ്‌സ കൊച്ചി തുടര്‍ച്ചയായ രണ്ടാം ജയം നേടി. തൃശൂരിന്‌ തുടരെ രണ്ടാം തോല്‍വിയും. തൃശൂരിന്റെ ഹെൻറി ജൂനിയറും മുഹമ്മദ്‌ അഫ്സലും കിക്കുകൾ നഷ്ടപ്പെടുത്തി.

കനത്ത മഴയെ തുടർന്ന് മുക്കാൽ മണിക്കൂറോളം വൈകിയാണ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. ആദ്യ ഏഴ് മിനിറ്റിനിടെ അഞ്ച് കോർണറുകൾ നേടിയെടുത്ത തൃശൂരിന്, ഒന്നിൽപ്പോലും കൊച്ചി ഗോൾകീപ്പർ ജൈമി ജോയിയെ പരീക്ഷിക്കാനായില്ല. പന്ത്രണ്ടാം മിനിറ്റിൽ പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയ പന്ത് മികച്ചൊരു സേവിലൂടെ ജൈമി ജോയി തട്ടിയകറ്റി. ഇരുപത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം പാവ്ലോ ഹെൻറിക്ക് തൃശൂരിന്റെ വ്ലാഡിമിർ കാസ്ട്രോയെ ഫൗൾ ചെയ്തു. തൃശൂരിന് അനുകൂലമായി ഫൗൾ വിളിച്ചെങ്കിലും മോശമായി പെരുമാറിയ കാസ്ട്രോക്ക് ചുവപ്പ് കാർഡ് കണ്ടു. എസ് എൽ കെ മൂന്നാം സീസണിലെ ആദ്യ ചുവപ്പ് കാർഡാണിത്. ശേഷിച്ച സമയത്ത് പത്ത് പേരുമായി കളിക്കേണ്ടിവന്ന തൃശൂരിന് മധ്യനിരയിലെ നിയന്ത്രണം നിലനിർത്തുക വെല്ലുവിളിയായി. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു (0-0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ദിൽജിത്ത്, രാഹുൽ രാജു എന്നിവരെ പകരക്കാരായി കളത്തിലിറക്കി. അൻപത്തിയെട്ടാം മിനിറ്റിൽ എലിട്ടൻ ജൂനിയർ ബോക്സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് തൃശൂർ കീപ്പർ കമാലിന്റെ കൈയ്യിൽ തട്ടിയ ശേഷം പോസ്റ്റിലിടിച്ച് മടങ്ങി. എൺപതാം മിനിറ്റിൽ ഗോൾ നേടാനുള്ള അവസരം കൊച്ചിയുടെ ദിൽജിത്ത് നഷ്ടപ്പെടുത്തി. റെഗുലർ ടൈം ഗോൾ രഹിതമായി അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഈ സീസൺ മുതലാണ് സമനിലയിൽ അവസാനിക്കുന്ന മത്സരങ്ങൾക്ക് ഷൂട്ടൗട്ടിലൂടെ ഫലം കണ്ടെത്താൻ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ ജയിക്കുന്ന ടീമിന് രണ്ട് പോയന്റും തോൽക്കുന്ന ടീമിന് ഒരു പോയന്റും ലഭിക്കും.

മലബാർ ഡെർബി ഡേ

വെള്ളിയാഴ്ച (ഒക്ടോബർ 2) കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ മലബാർ ഡെർബി. കാലിക്കറ്റ് എഫ് സിയും മലപ്പുറം എഫ് സിയും നേർക്കുനേർ വരും.

കഴിഞ്ഞ രണ്ട് സീസണുകളിലായി നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയങ്ങളുമായി കാലിക്കറ്റ് വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഒരു മത്സരം സമനിലയിൽ അവസാനിച്ചു. മലപ്പുറത്തിന് ഇതുവരെ വിജയം നേടാനായിട്ടില്ല. കണക്കുകളിലെ ഈ മുൻതൂക്കം നിലനിർത്താനാകും കാലിക്കറ്റിന്റെ ശ്രമം. അതേസമയം, ആദ്യ ഡെർബി വിജയം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാകും മലപ്പുറം ഇറങ്ങുക.

കഴിഞ്ഞ വർഷം ഒക്ടോബർ 19ന് പയ്യനാട് നടന്ന പോരാട്ടമാണ് ഇരുടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഏറ്റവും ആവേശം പകർന്നത്. മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരം മലബാർ ഡെർബിയുടെ പോരാട്ടവീര്യം വ്യക്തമാക്കുന്നതായിരുന്നു. കിക്കോഫ് രാത്രി 7.30ന്.

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്രിസ്റ്റ്യാനോ ഇല്ലെങ്കിലും ഗോൾമഴ, നേഷൻസ് ലീഗില്‍ ഡെൻമാർക്കിനെ തകർത്ത് പോർച്ചുഗലിന് മിന്നും ജയം
ചരിത്രം തിരുത്താന്‍ മലപ്പുറം എഫ്‌ സി, ആധിപത്യം തുടരാന്‍ കാലിക്കറ്റ്‌, സൂപ്പറാകും മലബാര്‍ ഡെര്‍ബി