സിനിമാ താരങ്ങളെ ദൈവത്തെ പോലെ കാണുന്ന തമിഴര്‍ സ്പോര്‍ട്സ് താരങ്ങളോട് ഭ്രാന്തമായ ആരാധന സൂക്ഷിക്കാറില്ല. പക്ഷേ, ധോണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. ഐ പി എല്ലില്‍ ചെന്നൈസൂപ്പര്‍ കിംഗ്സ് ചെപ്പോക്കില്‍ കളിക്കാനിറങ്ങുന്ന ദിവസം ചെന്നൈ നിശ്ചലമാകും. സ്റ്റേഡിയത്തിനകത്തും പുറത്തും ജനസാഗരം.
ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റ് ചെയ്യാന്‍ മഹേന്ദ്ര സിംഗ് ക്രീസിലേക്കെത്തുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു സിനിമാ ഗാനം. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ആയ ബാഷയിലെ ബാഷ പാറ്..ബാഷ് പാറ്...എന്ന ഗാനം. തമിഴ് ജനത രജനികാന്തിന്റെ ഹീറോയിസത്തെ സ്റ്റൈലിനെ നെഞ്ചിലേറ്റിയത് പോലെ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്ന കാഴ്ച. സിനിമാ താരങ്ങളെ ദൈവത്തെ പോലെ കാണുന്ന തമിഴര്‍ സ്പോര്‍ട്സ് താരങ്ങളോട് ഭ്രാന്തമായ ആരാധന സൂക്ഷിക്കാറില്ല. പക്ഷേ, ധോണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. ഐ പി എല്ലില്‍ ചെന്നൈസൂപ്പര്‍ കിംഗ്സ് ചെപ്പോക്കില്‍ കളിക്കാനിറങ്ങുന്ന ദിവസം ചെന്നൈ നിശ്ചലമാകും. സ്റ്റേഡിയത്തിനകത്തും പുറത്തും ജനസാഗരം.
രജിനികാന്തിനെ തലൈവര്‍ എന്ന് വികാരവായ്പോടെ വിളിക്കുന്നവര്‍ ധോണിയെ അവരുടെ തലയായി വാഴ്ത്തുന്നു. തമിഴ്നാട്ടില്‍ ജനിച്ചവരല്ലെങ്കിലും തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ലാളിത്യത്തിലൂടെയും ഇവര്‍ രണ്ട് പേരും തമിഴ് ജനതയുടെ മനസില്‍ കുടിയേറിപ്പാര്‍ത്തവരാണ്. രജനികാന്ത് മഹാരാഷ്ട്രയില്‍ ജനിച്ച് കര്‍ണാടകയില്‍ ജീവിച്ച് തമിഴ്നാടിന്റെ ചരിത്രപുരുഷനായി മാറിയ വ്യക്തിത്വമാണ്. ധോണിയിലും ആ സമാനത കാണം. ബിഹാറില്‍ ജനിച്ച് ഉത്തരാഖണ്ഡില്‍ ജീവിച്ച് ജാര്‍ഖണ്ഡിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ധോണിയുടെ ഐക്കോണിക് ഇടം ചെന്നൈയാണ്.
സിനിമയില്ലാതെ തമിഴര്‍ക്ക് ജീവിതമില്ല. യോഗിവര്യന്മാര് പറഞ്ഞാല്‍ പോലും ബ്രാഹ്മണ മുഹൂര്‍ത്തത്തില്‍ എഴുന്നേല്്ക്കാത്തവര് രജിനികാന്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ പുലര്‍ച്ചെ മൂന്നര മണിക്ക് തിയ്യേറ്ററിന് മുന്നില്‍ ക്യൂ നില്ക്കും. രജിനികാന്തിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ക്ക് മുകളില്‍ ലിറ്റര്‍ കണക്കിന് പാല് ഒഴിച്ച് ആരാധനക്ക് അതിരില്ലെന്ന് വിളിച്ച് പറയും. ഐ പി എല്ലിലും അതുപോലൊരു കാഴ്ച കണ്ടു. കൊവിഡ് കാരണം 2020 മുതല്‍ 2022 വരെ ഐ പി എല്‍ ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നില്ല. 2023 സീസണില്‍ ഐ പി എല്‍ മത്സരങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തമിഴ് ജനത ധോണിയെ കാണാന്‍ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. ടിക്കറ്റുകളെല്ലാം തീര്‍ന്നു. തിരിച്ചു പോകണമെന്ന് പോലീസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ടും ജനം തിരിച്ചുപോയില്ല. ധോണിയുടെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ആരാധകര്‍ അര്‍മാദിച്ചപ്പോള്‍, രജനികാന്ത് സിനിമയുടെ റിലീസ് ദിവസത്തിന്റെ പ്രതീതിയായിരുന്നു.
1992 ലെ അണ്ണാമലൈ സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലായിരുന്നു രജനികാന്തിനെ ആദ്യമായി സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് എന്ന് വിശേഷിപ്പിച്ചത്. അന്ന് മുതല്‍ ജയിലര്‍ 2 വിന്റെ ടൈറ്റില്‍ കാര്‍ഡ് വരെ ആ വിശേഷണം സിനിമാസ്വാദകര്‍ക്ക് കാണാന്‍ കഴിയും. ആ ടൈറ്റില്‍ കാര്‍ഡ് കാണുമ്പോള്‍ തിയ്യേറ്റര്‍ പൂരപ്പറമ്പായി മാറും. ചെപ്പോക്കില്‍ ധോണി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഉത്സാവന്തരീക്ഷം പിറക്കും. ടോസ് ചെയ്യാന്‍ ധോണിയെത്തിയാല്‍ നിലയ്ക്കാത്ത ശബ്ദമായിരിക്കും.
വലിയ സിനിമാ പാരമ്പര്യമോ, ക്രിക്കറ്റ് പാരമ്പര്യമോ ഇല്ലാത്ത സാധാരണ കുടുംബങ്ങളില്‍ നിന്നാണ് ഇരുവരും കടന്നുവന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് രജിനികാന്ത് കൂലിപ്പണിയും കണ്ടക്ടര്‍ ജോലിയും ചെയ്തിരുന്നു. ക്രിക്കറ്റില്‍ സൂപ്പര്‍താരമാകുന്നതിന് മുമ്പ് ധോണി ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കളക്ടറായിരുന്നു. കരിയറില്‍ ഉയരങ്ങളിലേക്ക് സഞ്ചരിച്ചപ്പോഴും സാധാരണക്കാരെപ്പോലെ പെരുമാറുന്നതാണ് രണ്ട് പേരുടെയും ഔന്നത്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ, സമചിത്തതയോടെ വിജയത്തിന്റെ പടവുകള്‍ കയറാന്‍ രജനികാന്തിനും ധോണിക്കും കഴിഞ്ഞുവെന്നതും സമാനതയാണ്. ചെപ്പോക്കില്‍ ബാഷാ പാറ് ഗാനത്തിന്റെ അകമ്പടിയോടെ ധോണി ക്രീസിലേക്ക് നടന്ന് വരുമ്പോള്‍ തമിഴ് മക്കള്‍ക്ക് അതൊരു വല്ലാത്ത ഫീലാണ് - രജിനിഫിക്കേഷന് ഓഫ് ധോണി എന്നൊരു പ്രയോഗം തന്നെ അതിനുണ്ട്....
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP










