
ബാഴ്‌സലോണയുടെ യുവതാരം ലാമിന്‍ യമാലിന് എന്നെങ്കിലും ലയണല്‍ മെസിയുടെ ഫുട്‌ബോള്‍ നേട്ടങ്ങള്‍ക്കൊപ്പമെത്താനോ മെസി സൃഷ്ടിച്ച ഐതിഹാസികമായ കരിയറിന് വെല്ലുവിളി ഉയര്‍ത്താനോ കഴിയുമോ? ചോദ്യം, മെസിയുടെ അടുത്ത സുഹൃത്തും ബാഴ്‌സലോണയിലും ഇന്റര്‍മിയാമിയിലും ഒപ്പം കളിച്ചിട്ടുമുള്ള ലൂയിസ് സുവാരസിനോട്.
മെസിയുടെ ഔന്നത്യം മറ്റൊരു തലത്തിലാണുള്ളത്. അതിന്റെ അടുത്തെത്താന്‍ പോലും മറ്റൊരു താരത്തിന് സാധിച്ചെന്ന് വരില്ല. ലാമിന്‍ യമാല്‍ ചെറുപ്പമാണ്, അയാള്‍ ബാഴ്‌സലോണക്കായി കളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മെസിയുമായി താരതമ്യപ്പെടുത്തി അയാളെ സമ്മര്‍ദത്തിലാഴ്‌ത്തുന്നത് ഉചിതമാകില്ല - സുവാരസിന്റെ മറുപടി.
ആറ് വര്‍ഷം മെസിക്കൊപ്പം ബാഴസലോണയുടെ ആക്രമണനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുവാരസ്, മെസി ഗ്രൗണ്ടില്‍ കാണിച്ചു കൂട്ടിയ മാന്ത്രികത നേരില്‍ കണ്ട താരമാണ്. അതുകൊണ്ടു തന്നെ മെസിയോളം ഇനിയൊരു താരത്തിന് സാധിക്കുമെന്ന് പറയാന്‍ സുവാരസ് ധൈര്യപ്പെടുന്നില്ല. യമാലിന് പത്തൊമ്പത് വയസാകുന്നതേയുള്ളൂ. യമാലിനെ 39 ാം വയസിലും അത്ഭുതം ജനിപ്പിക്കുന്ന ഫുട്‌ബോള്‍ മികവ് പ്രദര്‍ശിപ്പിക്കുന്ന മെസിയോട് താരതമ്യം ചെയ്യുന്നത് കടന്ന കൈയ്യാകും. മെസി ഫുട്‌ബോളില്‍ നിന്നെല്ലാം നേടിയ ഇതിഹാസമാണെന്ന് സുവാരസ് പറയുന്നു.
ബാഴ്‌സലോണക്കൊപ്പം ആറ് ട്രോഫി ജയങ്ങളാണ് യമാലിനുള്ളത്. ലാ ലിഗ മൂന്ന് തവണയും, സ്‌പാനിഷ് സൂപ്പര്‍ കപ്പ് രണ്ട് തവണയും, കോപ ഡെല്‍ റേ ഒരു തവണയും സ്വന്തമാക്കി. അതേസമയം, മെസി കാറ്റലന്‍ ക്ലബ്ബിനൊപ്പം 35 ട്രോഫി ജയങ്ങളാണ് സ്വന്തമാക്കിയത്. പത്ത് ലാ ലിഗ കിരീടങ്ങളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, എട്ട് സ്‌പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ്, ഏഴ് കോപ ഡെല്‍ റേ എന്നിങ്ങനെ മറ്റൊരു താരത്തിനും സാധിക്കാത്ത വിധം മെസിയുടെ കിരീടവിജയങ്ങള്‍ എത്രയോ ഉയരങ്ങളിലാണ്. ഇതിനെല്ലാം പുറമെയാണ്, മെസി വ്യക്തിപരമായി നേടിയെടുത്ത ട്രോഫികളുടെയും പുരസ്‌കാരങ്ങളുടെയും കൈയ്യും കണക്കുമില്ലാത്ത കണക്കുകള്‍!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!