കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത; പേരേര ഡിയാസ് പോയാലും ലൂണ തുടരും, കരാര്‍ പുതുക്കി

By Jomit JoseFirst Published Jul 22, 2022, 9:22 PM IST
Highlights

കഴിഞ്ഞ സീസണില്‍ ആറ് ഗോളും ഏഴ് അസിസ്റ്റുമായി ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് ഉറുഗ്വൊ താരമായ അഡ്രിയാന്‍ ലൂണ

കൊച്ചി: പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുമായുള്ള(Adrian Luna) കരാര്‍ നീട്ടി ഐഎസ്എല്‍(ISL) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blasters). 2024 വരെ ലൂണ മഞ്ഞപ്പടയ്‌ക്കൊപ്പം തുടരും. കഴിഞ്ഞ സീസണില്‍ ആറ് ഗോളും ഏഴ് അസിസ്റ്റുമായി ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പില്‍ നിര്‍ണായകമായ താരമാണ് ഉറുഗ്വൊ താരമായ അഡ്രിയാന്‍ ലൂണ. 

കഴിഞ്ഞ സീസണില്‍ കേരള ക്ലബിനായി തിളങ്ങിയ മറ്റൊരു വിദേശ താരമായ അര്‍ജന്‍റീനന്‍ താരം ഹോര്‍ഗെ പേരേര ഡിയാസിനെ മുംബൈ സിറ്റി എഫ്‌സി റാഞ്ചിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത് മുംബൈ സിറ്റിയുടെ മിന്നലാക്രമണമായി ഈ കൂടുമാറ്റം. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടോപ്സ്കോററായ ഹോര്‍ഗെ പേരേര ഡിയാസിനെ സ്വന്തമാക്കിയതായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മുംബൈ അറിയിച്ചത്. അൽവാരാ വാസ്ക്കെവസിനൊപ്പം 8 ഗോളുമായി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വേട്ടക്കാരിൽ ഒന്നാമനായിരുന്നു ഡിയാസ്. 

മാന്ത്രികന്റെ മായാജാലം ഇനിയും തുടരും! 🧙‍♂️✨

Exactly a year on from the day we signed our magician, Luna puts pen to paper on a 2-year deal which sees him commit to the club till 2024! ✍️📃🤝 pic.twitter.com/W45FQUzley

— Kerala Blasters FC (@KeralaBlasters)

യുക്രെയിന്‍ യുവതാരം ഇവാന്‍ കലിയുഷ്നി, സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മോംഗില്‍, ഗ്രീക്ക് ഓസ്ട്രേലിയന്‍ സ്ട്രൈക്ര്‍ അപ്പൊസ്തോലോസ് ജിയാനു എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി സ്വന്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ഐഎസ്എൽ സീസണിനായി ബ്ലാസ്റ്റേഴ്സ് പരിശീലനം ഉടന്‍ തുടങ്ങും. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ക്കും സാധ്യതയുണ്ട്. 

വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത് മുംബൈ സിറ്റി; ഹോര്‍ഗെ പേരേര ഡിയാസിനെ റാഞ്ചി

click me!