മുംബൈ സിറ്റിയുടെ പ്രഖ്യാപനത്തിൽ പല കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും രോഷവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട്

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) അര്‍ജന്‍റീനന്‍ താരം ഹോര്‍ഗെ പേരേര ഡിയാസിനെ(Jorge Pereyra Diaz) റാഞ്ചി മുംബൈ സിറ്റി(Mumbai City FC). ഡിയാസിനെ സ്വന്തമാക്കിയതായി മുംബൈ സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്സിനേക്കാളും(KBFC) കൂടുതൽ തുക മുംബൈ മുന്നോട്ടുവച്ചതോടെ താരം കൂടുമാറിയെന്നാണ് റിപ്പോര്‍ട്ട്. വായ്പാടിസ്ഥാനത്തിലായിരുന്നു ഡിയാസ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 

മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത് മുംബൈ സിറ്റിയുടെ മിന്നലാക്രമണമായി ഈ കൂടുമാറ്റം. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടോപ്സ്കോററായ ഹോര്‍ഗെ പേരേര ഡിയാസിനെ സ്വന്തമാക്കിയതായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മുംബൈ അറിയിച്ചത്. ഒരു അറബ് ക്ലബിലേക്ക് ഡിയാസ് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ക്ലബ് വിടുന്ന പല താരങ്ങളോടുമുള്ള സമീപനത്തിൽ നിന്ന് വ്യത്യസ്തമായി ഡിയാസിന്‍റെ കരാര്‍ അവസാനിച്ചപ്പോള്‍ അര്‍ജന്‍റീനന്‍ താരത്തിന് നന്ദിയും ആശംസയും അറിയിച്ച് ബ്ലാസ്റ്റേഴ്സ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മുംബൈ സിറ്റിയുടെ പ്രഖ്യാപനത്തിൽ പല ബ്ലാസ്റ്റേഴ്സ് ആരാധകരും രോഷവും നിരാശയും പ്രകടിപ്പിക്കുന്നുണ്ട്. മുംബൈയുടെ പണക്കൊഴുപ്പില്‍ മറ്റ് ക്ലബുകളെ അപ്രസക്തരാക്കാന്‍ നീക്കം നടക്കുന്നതായാണ് ആക്ഷേപം.

Scroll to load tweet…

എഫ്‌സി ഗോവയിൽ നിന്ന് ആൽബെര്‍ട്ടോ നോഗ്വേരയെയും ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്ന് ഗ്രെഗ് സ്റ്റുവര്‍ട്ടിനെയും റാഞ്ചിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി പ്രഹരമേൽപ്പിക്കുന്നത്. അൽവാരാ വാസ്ക്കെവസിനൊപ്പം 8 ഗോളുമായി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വേട്ടക്കാരിൽ ഒന്നാമനായിരന്നു ഡിയാസ്. യുക്രെയിന്‍ യുവതാരം ഇവാന്‍ കലിയുഷ്നി, സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മോംഗില്‍, ഗ്രീക്ക് ഓസ്ട്രേലിയന്‍ സ്ട്രൈക്ര്‍ അപ്പൊസ്തോലോസ് ജിയാനു എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് പുതുതായി സ്വന്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ഐഎസ്എൽ സീസണിനായി ബ്ലാസ്റ്റേഴ്സ് പരിശീലനം ഉടന്‍ തുടങ്ങും. 

റോയ് കൃഷ്ണയെ റാഞ്ചി ബെംഗളൂരു എഫ് സി, മൂന്നാമത്തെ വിദേശതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്