'ബ്ലാസ്റ്റേഴ്‌സിന് കിരീട പ്രതീക്ഷ, ആരാധക പിന്തുണ കരുത്ത്'; മഞ്ഞപ്പടയെ ആവേശത്തിലാക്കി ഇവാൻ വുകോമനോവിച്ച്

By Web TeamFirst Published Sep 26, 2022, 9:47 AM IST
Highlights

യുഎഇയിലെ പരിശീലനം പൂര്‍ത്തിയാക്കി സന്നാഹമത്സരവും കളിച്ച് കൊച്ചിയില്‍ മടങ്ങിയെത്തിയ ടീം ഇക്കുറി വലിയ പ്രതീക്ഷയിലാണ്

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കിരീട പ്രതീക്ഷയെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. പ്രധാനപ്പെട്ട ചില താരങ്ങൾ ടീമിൽ നിന്ന് പോയത് തിരിച്ചടിയല്ലെന്നും സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സിന്‍റേതെന്നും ഇവാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ആരാധകരുടെ ശക്തമായ പിന്തുണയാണ് ടീമിന്‍റെ ശക്തിയെന്നും കോച്ച് പറ‍ഞ്ഞു. അടുത്ത മാസം ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ഐഎസ്എല്‍ സീസണിനായി അവസാനവട്ട ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇയിലെ പരിശീലനം പൂര്‍ത്തിയാക്കി സന്നാഹമത്സരവും കളിച്ച് കൊച്ചിയില്‍ മടങ്ങിയെത്തിയ ടീം ഇക്കുറി വലിയ പ്രതീക്ഷയിലാണ്. വരും സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഇത് മഞ്ഞപ്പട ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. 

ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. സീസണ്‍ ടിക്കറ്റുകളാണ് ആദ്യം വില്‍ക്കുന്നത്. 2499 രൂപയാണ് സീസണ്‍ ടിക്കറ്റിന്‍റെ വില. ഇതുപയോഗിച്ച് സീസണിലെ എല്ലാ ഹോം മത്സരങ്ങളും കാണം. ഒക്ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഉദ്ഘാടന മത്സരം. ഗോവയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയിരുന്നു. എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്‌പൂര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി എന്നിവയാണ് ഇക്കുറിയുള്ള ടീമുകള്‍. 

കാണാം പ്രത്യേക അഭിമുഖം

പരിശീലനം പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍; വുകോമാനോവിച്ചിനും സംഘത്തിനും ഗംഭീര സ്വീകരണം- വീഡിയോ

click me!