വിദേശതാരങ്ങളില്‍ പലരും ടീം വിട്ടെങ്കിലും കരുത്തരെ പകരമെത്തിച്ചതാണ് ടീമിന്റെ പ്രതീക്ഷ. കൊച്ചിയില്‍ വിമാനത്താവളത്തിലെത്തിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒരുങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീം കൊച്ചിയില്‍ തിരിച്ചെത്തി. യുഎഇയിലെ പരിശീലനം പൂര്‍ത്തിയാക്കി സന്നാഹമത്സരവും കളിച്ചാണ് ടീം എത്തിയിരിക്കുന്നത്. ഉജ്വല സ്വീകരണമാണ് ആരാധകര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്. കലൂരില്‍ വീണ്ടും മഞ്ഞക്കടല്‍ തീര്‍ക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. ഫിഫ വിലക്ക് വന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹമത്സരം ഒന്നായി ചുരുങ്ങിയെങ്കിലും സീസണില്‍ ഏറെ പ്രതീക്ഷയോടെയാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും ഇറങ്ങുക.

വിദേശതാരങ്ങളില്‍ പലരും ടീം വിട്ടെങ്കിലും കരുത്തരെ പകരമെത്തിച്ചതാണ് ടീമിന്റെ പ്രതീക്ഷ. കൊച്ചിയില്‍ വിമാനത്താവളത്തിലെത്തിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇനിയുള്ള ഒരു മാസം കൊച്ചിയിലാണ് ടീമിന്റെ പരിശീലനം. അടുത്ത മാസം ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം.

Scroll to load tweet…

ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. സീസണ്‍ ടിക്കറ്റുകളാണ് ആദ്യം വില്‍ക്കുന്നത്. 2499 രൂപയാണ് സീസണ്‍ ടിക്കറ്റിന്റെ വില. ഇതുപയോഗിച്ച് സീസണിലെ എല്ലാ ഹോം മത്സരങ്ങളും കാണം. ഒക്ടോബര്‍ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടന മത്സരം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. ഗോവയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയിരുന്നു. 

ഡ്യൂറന്റ് കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്തന്‍ ടീമായ മുഹമ്മദന്‍സ് സെമിയില്‍ കടന്നു. നൈജീരിയന്‍ താരം ദൗദ ഇരട്ടഗോള്‍ നേടിയപ്പോള്‍ എസ് കെ ഫയാസിന്റെ വകയായിരുന്നു മുഹമ്മദന്‍സിന്റെ മറ്റൊരു ഗോള്‍. ഗോള്‍കീപ്പര്‍ സച്ചിന്റെ മികച്ച പ്രകടനമാണ് വലിയ തോല്‍വിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമാണ് ഡ്യൂറന്റ് കപ്പില്‍ കളിച്ചത്.