
കൊച്ചി: കണ്ണൂര്‍ വാരിയേഴ്സ്, പേരിനെ അന്വര്‍ഥമാക്കും വിധം വാരിയേഴ്സായി മാറിയപ്പോള്‍ അവസാന മിനിറ്റില്‍ ഫോഴ്സ കൊച്ചിയെ വീഴ്ത്തി സൂപ്പര്‍ ലീഗ് കേരള സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി ടീമുകൾക്കൊപ്പം സെമി ഫൈനലിൽ ആരൊക്കെ എന്നറിയാൻ ലീഗിലെ അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം. ഒൻപത് മത്സരങ്ങളിൽ നിന്ന് 13 പോയന്റുള്ള കൊച്ചി മൂന്നാം സ്ഥാനത്തും 10 പോയന്റുള്ള കണ്ണൂർ അഞ്ചാം സ്ഥാനത്തുമാണ്.
മത്സരത്തിലെ ആദ്യ ഗോൾശ്രമം പിറന്നത് 19-ാം മിനിറ്റിൽ. കൊച്ചിക്ക് ലഭിച്ച കോർണർ കിക്കിനൊടുവിൽ പിന്നിലേക്ക് എത്തിയ പന്ത് രാഘവ് ഗുപ്ത ബോക്സിലേക്ക് ഉയർത്തി നൽകി. ഉയർന്നുചാടിയ ഹർഷൽ റഹ്മാന്റെ ഹെഡർ കണ്ണൂർ ഗോൾകീപ്പർ പ്രതീക് കുമാർ സിംഗിനെ മറികടന്നെങ്കിലും പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.
44-ാം മിനിറ്റിൽ കണ്ണൂരിന്റെ അബ്ദുൽ റഹീം ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ശക്തമായ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പാഞ്ഞു. രണ്ടാം പകുതിക്ക് തൊട്ടുമുമ്പ് ലീഡ് നേടാൻ കണ്ണൂരിന് ലഭിച്ച മികച്ച അവസരമായിരുന്നു അത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.ഇടവേളയ്ക്കുശേഷം തന്ത്രപരമായ മാറ്റങ്ങളൊന്നുമില്ലാതെ, ആദ്യ പകുതിയിലെ അതേ ഇലവനുമായി ഇരുടീമുകളും വീണ്ടും കളത്തിലിറങ്ങി.രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ കൊച്ചിയുടെ ആക്രമണം. ഇടതുവിങ്ങിലൂടെ മുന്നേറി ഹർഷൽ റഹ്മാൻ നൽകിയ പന്ത് ബ്രസീലുകാരൻ പൗളോ ഹെൻറിക് ബാക്ക്ഹീൽ ഫിനിഷിലൂടെ വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
58-ാം മിനിറ്റിൽ സ്റ്റെമൻകോവിച്ചിനെയും സിനാനെയും അവതരിപ്പിച്ച് കണ്ണൂർ മധ്യനിരയിലും മുന്നേറ്റത്തിലും കരുത്ത് കൂട്ടാൻ ശ്രമിച്ചു. തൊട്ടടുത്ത മിനിറ്റിൽ ദിൽജിത്തിനെയും ഡീഗോ ഹെർണാണ്ടസിനെയും ഇറക്കി കൊച്ചിയും ലൈനപ്പിൽ മാറ്റം വരുത്തി.പ്രഗ്യാനെയും ബോച്ച്വെയെയും ഇറക്കി ആക്രമണത്തിന് അവസാനവട്ട മൂർച്ച കൂട്ടിയ കണ്ണൂർ 90-ാം മിനിറ്റിൽ വിജയഗോൾ നേടി. മധ്യവരക്കടുത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് പ്രഗ്യാൻ. ബോക്സിലേക്ക് ഉയർത്തിനൽകി. അവസരം കാത്തിരുന്ന ജോബിൻ ജോസഫ് പന്ത് പോസ്റ്റിൽ എത്തിച്ചു (1-0).
ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (നവംബർ 21) മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ (4-2) ന് തിരുവനന്തപുരം വിജയിച്ചു.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!