LaLiga : പുതുവർഷത്തിൽ പുതുമോടിക്ക് ബാഴ്‌സ, സൂപ്പര്‍താരങ്ങള്‍ക്ക് കളിക്കാനാവില്ല; റയലും ഇന്ന് കളത്തില്‍

By Web TeamFirst Published Jan 2, 2022, 9:56 AM IST
Highlights

ബാഴ്‌സലോണയ്ക്ക് മയോ‍ർക്കയാണ് എതിരാളികൾ. മയോർക്കയുടെ മൈതാനത്ത് ഇന്ത്യൻസമയം രാത്രി ഒന്നരയ്ക്കാണ് കളിതുടങ്ങുക. 

മയോ‍ർക്ക: പുതുവർഷത്തിൽ ലാലിഗയില്‍  (LaLiga) റയൽ മാഡ്രിഡും (Real Madrid Fc) ബാഴ്‌സലോണയും (Barcelona Fc) അത്‍ലറ്റിക്കോ മാഡ്രിഡും (Atletico de Madrid) ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഗെറ്റാഫെയാണ് (Getafe) റയലിന്‍റെ എതിരാളികൾ. നിലവിലെ ചാമ്പ്യൻമാരായ അത്‍ലറ്റിക്കോ മാഡ്രിഡ് രാത്രി എട്ടേമുക്കാലിന് റയോ വയേകാനോയുമായി (Rayo Vallecano) ഏറ്റുമുട്ടും. ബാഴ്‌സലോണയ്ക്ക് മയോ‍ർക്കയാണ് (Mallorca) എതിരാളികൾ. മയോർക്കയുടെ മൈതാനത്ത് ഇന്ത്യൻസമയം രാത്രി ഒന്നരയ്ക്കാണ് കളിതുടങ്ങുക. 

കൊവിഡ് ബാധിതരായ സെർജിനോ ഡെസ്റ്റ്, ഡാനി ആൽവസ്, ക്ലെമന്‍റ് ലെംഗ്ലറ്റ്, സാമുവൽ ഉംറ്റീറ്റി, ജോഡി ആൽബ, അലസാന്ദ്രോ ബാൾഡെ, ഫിലിപെ കുടീഞ്ഞോ, ഗാവി, ഒസ്മാൻ ഡെംബലേ എന്നിവർ ബാഴ്‌സ നിരയിലുണ്ടാവില്ല. സസ്പെൻഷനിലായ നായകൻ സെർജിയോ ബുസ്‌കറ്റ്സ്, പരിക്കേറ്റ മെംഫിസ് ഡീപ്പേ, അൻസു ഫാറ്റി എന്നിവരുടെ അഭാവവും ബാഴ്‌സയ്ക്ക് തിരിച്ചടിയാവും. കഴിഞ്ഞ ദിവസം ടീമിലെത്തിച്ച ഫെറാൻ ടോറസിനും ഇന്ന് കളിക്കാനാവില്ല. 

ഇംഗ്ലണ്ടില്‍ സൂപ്പര്‍ സണ്‍ഡേ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ. ചെൽസി രാത്രി പത്തിന് ലിവർപൂളിനെ നേരിടും. ചെൽസിയുടെ മൈതാനത്താണ് മത്സരം. കോച്ച് യുർഗൻ ക്ലോപ്പ് ഇല്ലാതെയാവും ലിവർപൂൾ ഇറങ്ങുക. കൊവിഡ് ബാധ സംശയിക്കുന്നതിനാൽ ക്ലോപ്പിനെ ഐസൊലേഷനിലേക്ക് മാറ്റി. വെള്ളിയാഴ്‌ച ലിവർപൂളിലെ മൂന്ന് താരങ്ങൾക്ക് കൊവിഡ് ബാധിച്ചിരുന്നു. 20 കളിയിൽ 42 പോയിന്‍റുള്ള ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്താണ്. പത്തൊൻപത് കളിയിൽ 41 പോയിന്‍റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും. 

ചെൽസിയെ തോൽപിച്ചാൽ ലിവർപൂളിന് ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയരാം. മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ രാത്രി വോൾവ്സിനെ നേരിടും.

EPL : ചെല്‍സി-ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

click me!