20 കളിയിൽ 42 പോയിന്‍റുള്ള ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്താണ്. പത്തൊൻപത് കളിയിൽ 41 പോയിന്‍റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും. 

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) ഇന്ന് സൂപ്പർ സൺഡേ. ചെൽസി (Chelsea Fc) രാത്രി പത്തിന് ലിവർപൂളിനെ (Liverpool Fc) നേരിടും. ചെൽസിയുടെ മൈതാനത്താണ് മത്സരം. കോച്ച് യുർഗൻ ക്ലോപ്പ് (Jurgen Klopp) ഇല്ലാതെയാവും ലിവർപൂൾ ഇറങ്ങുക. കൊവിഡ് ബാധ സംശയിക്കുന്നതിനാൽ ക്ലോപ്പിനെ ഐസൊലേഷനിലേക്ക് മാറ്റി. വെള്ളിയാഴ്‌ച ലിവർപൂളിലെ മൂന്ന് താരങ്ങൾക്ക് കൊവിഡ് ബാധിച്ചിരുന്നു. 

20 കളിയിൽ 42 പോയിന്‍റുള്ള ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്താണ്. പത്തൊൻപത് കളിയിൽ 41 പോയിന്‍റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും. ചെൽസിയെ തോൽപിച്ചാൽ ലിവർപൂളിന് ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയരാം. മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ രാത്രി വോൾവ്സിനെ നേരിടും.

ഇഞ്ചുറിടൈം ഗോളില്‍ സിറ്റി

പുതുവർഷ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നാടകീയ ജയം. പ്രീമിയർ ലീഗിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോൽപിച്ചു. ഇഞ്ചുറിടൈമിൽ റോഡ്രി നേടിയ ഗോളാണ് സിറ്റിയെ രക്ഷിച്ചത്. മുപ്പത്തിയൊന്നാം മിനിറ്റിൽ ബുക്കായോ സാകയിലൂടെ ആഴ്‌സനൽ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിൽ റിയാദ് മെഹ്റസ് പെനാൽറ്റി ഗോളിലൂടെ സിറ്റിയെ ഒപ്പമെത്തിച്ചു.

പിന്നാലെ ഗബ്രിയേൽ ചുവപ്പുകാർഡ് കണ്ടതോടെ ആഴ്‌സനൽ 10 പേരായി ചുരുങ്ങി. തൊണ്ണൂറ്റിമൂന്നാം മിനിറ്റിലായിരുന്നു റോഡ്രിയുടെ വിജയഗോൾ. 21 കളിയിൽ 53 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. അതേസമയം 35 പോയിന്‍റുള്ള ആഴ്‌സനല്‍ നാലാം സ്ഥാനക്കാരാണ്. 

ടോട്ടനത്തിനും ജയം

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. ഇഞ്ചുറിടൈമിൽ ഡേവിൻസൺ സാഞ്ചസ് നേടിയ ഗോളിനായിരുന്നു ടോട്ടനത്തിന്റെ ജയം. തൊണ്ണൂറ്റിയാറാം മിനിറ്റിൽ ഗോളിന് വഴിയൊരുക്കിയത് സോൻ ഹ്യൂങ് മിന്നായിരുന്നു. 18 കളിയിൽ 33 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ ടോട്ടനം. വാറ്റ്‌ഫോര്‍ഡ് 13 പോയിന്‍റോടെ പതിനേഴാം സ്ഥാനത്തും. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽപാലസിനെ വെസ്റ്റ്ഹാം യുണൈറ്റഡ് തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജയം. മാനുവൽ ലാൻസിനി വെസ്റ്റ്ഹാമിനായി ഇരട്ടഗോൾ നേടി. ലീഗിൽ അഞ്ചാം സ്ഥാനത്താണ് വെസ്റ്റ്ഹാം യുണൈറ്റഡ്. ഇരുപത്തിമൂന്ന് പോയിന്‍റോടെ പതിനൊന്നാം സ്ഥാനക്കാരാണ് ക്രിസ്റ്റല്‍ പാലസ്. 

Kerala Blasters : പുതുവർഷാഘോഷത്തിന് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍