
ബാഴ്‌സലോണ: സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ പ്രതിമ ബാഴ്‌സലോണ സ്റ്റേഡിയത്തിന് മുന്നില്‍ സ്ഥാപിക്കും. ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയാണ് ഇക്കാര്യമറിയിച്ചത്. അടുത്ത സമ്മറില്‍ മെസ്സിയെ സ്വന്തമാക്കാനും ബാഴ്‌സലോണ ശ്രമം തുടങ്ങി. കണ്ണീരോടെയാണ് ഒരു വര്‍ഷം മുമ്പ് മെസി ക്യാംപ്നൗവിന്റെ പടിയിറങ്ങിയത്. മെസി കളി പഠിച്ച, ഗോള്‍വേട്ട നടത്തിയ കിരീടങ്ങള്‍ വാരിക്കൂട്ടിയ ബാഴ്‌സലോണ. ക്ലബ്ബും കളിക്കാരനുമെന്നതിനപ്പുറം മെസിക്ക് എല്ലാമെല്ലാമായിരുന്നു ബാഴ്‌സ.
12 വയസ്സുമുതല്‍ സൂപ്പര്‍താരത്തിന്റെ കളിത്തട്ട്. 672 ഗോളുകളാണ് മെസി ബാഴ്‌സ കുപ്പായത്തില്‍ നേടിയത്. ടീമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ഏഴ് ബാലണ്‍ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഇതിഹാസത്തിന് അര്‍ഹിച്ച ആദരം നല്‍കാനാണ് ബാഴ്‌സലോണയുടെ തീരുമാനം. ക്യാംപ്നൗ സ്റ്റേഡിയത്തിന് മുന്നില്‍ മെസിയുടെ പൂര്‍ണകായപ്രതിമ ഉടന്‍ ഉയരും. അടുത്ത സമ്മറില്‍ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസിയെ വീണ്ടും ബാഴ്‌സലോണയില്‍ എത്തിക്കാനാണ് ലപ്പോര്‍ട്ടയുടെ ശ്രമം.
സഞ്ജു സംസണിനുണ്ടായത് ഒന്നൊന്നര മാറ്റം! കാരണം വിശദീകരിച്ച് മലയാളി താരം
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മറ്റ് വഴിയില്ലാതെയാണ് കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണ മെസിയെ കൈവിട്ടത്. എന്നാല്‍ നിലവില്‍ കടക്കെണിയില്‍ നിന്ന് കരകയറിയ ബാഴ്‌സ വന്‍ലാഭമാണ് സീസണില്‍ പ്രതീക്ഷിക്കുന്നത്. പിഎസ്ജിയില്‍ ആദ്യ സീസണില്‍ നിറം മങ്ങിയെങ്കിലും ഈ വര്‍ഷം ഉജ്വലഫോമിലാണ് മെസി. 13 മത്സരങ്ങളില്‍ എട്ട് ഗോളും എട്ട് അസിസ്റ്റും മെസി നേടിക്കഴിഞ്ഞു.
പിഎസ്ജി ഇന്നിറങ്ങും
പിഎസ്ജി ഇന്ന് ബെന്‍ഫിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ പരിക്കേറ്റ മെസി, പിഎസ്ജി നിരയില്‍ ഉണ്ടാകില്ല. വിജയവഴിയില്‍ തിരിച്ചെത്താന്‍ പിഎസ്ജി ശ്രമിക്കന്നത്. ബെന്‍ഫിക്കയോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയായിരുന്നു ഫ്രഞ്ച് ചാംപ്യന്മാരുടെ ഫലം. നിരാശമാറ്റാന്‍ പാരീസില്‍ കരുത്തര്‍ ലക്ഷ്യമിടുന്നത് ജയം മാത്രം. കണങ്കാലിന് പരിക്കേറ്റ മെസ്സിക്ക് ഫ്രഞ്ച് ലീഗില്‍ റെയിംസിനെതിരായ മത്സരവും നഷ്ടമായിരുന്നു. എംബപ്പെ, നെയ്മര്‍ സഖ്യത്തിനൊപ്പം പാബ്ലോ സറാബിയയായിരിക്കും മുന്നേറ്റത്തിലെത്തുക. പരിക്ക് മാറാത്ത റെനാറ്റോ സാഞ്ചസും കിംബംപെയും ഇന്നും പിഎസ്ജി നിരയിലുണ്ടാകില്ല.