
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളിൽ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിക്കൊപ്പമെത്തിയെങ്കിലും മെസിയെ മറികടക്കുകയല്ല തന്‍റെ ലക്ഷ്യമെന്ന് തുറന്നു പറഞ്ഞ് ഫ്രഞ്ച് നായകന്‍ കിലിയൻ എംബാപ്പെ. സ്വീഡനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിലും ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണത്തിലും മെസിക്കൊപ്പമെത്തിയത്.
എന്നാൽ, മെസിയുടെ റെക്കോർഡുകൾ തകർക്കുകയല്ല, മറിച്ച് ഫ്രാൻസിന് വീണ്ടുമൊരു ലോകകപ്പ് കിരീടം നേടിക്കൊടുക്കുക മാത്രമാണ് തന്‍റെ ലക്ഷ്യമെന്ന് എംബാപ്പെ വ്യക്തമാക്കി. ഫ്രാൻസിനായി നാലു മത്സരങ്ങളിൽ നിന്ന് എംബാപ്പെ 6 ഗോളുകൾ നേടിക്കഴിഞ്ഞു. അർജന്‍റീനയ്ക്കായി 3 മത്സരങ്ങളിൽ നിന്ന് 6 ഗോൾ നേടിയ മെസിക്കൊപ്പമാണ് എംബാപ്പെ ഇപ്പോൾ ഉള്ളത്. സ്വീഡനെതിരെ രണ്ട് ഗോള്‍ കൂടി നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡ് മറികടന്ന എംബാപ്പെ, 19 ഗോളുകളുള്ള മെസിക്ക് തൊട്ടുപിന്നിലാണിപ്പോള്‍.
മെസിയുമായുള്ള വ്യക്തിഗത റെക്കോർഡ് പോരാട്ടങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തികച്ചും പക്വതയാർന്ന മറുപടിയാണ് എംബാപ്പെ നൽകിയത്. കൂടുതൽ ഗോളുകൾ അടിക്കുമ്പോൾ റാങ്കിംഗിൽ മുന്നിലെത്തുമെന്നത് സ്വാഭാവികമാണ്. എന്നാൽ ലിയോ ഇനിയും ഒരുപാട് ഗോളുകൾ നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഞാൻ ആ റെക്കോർഡുകൾ ശ്രദ്ധിക്കാറില്ല. ജൂലൈ 19-ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ എത്തിക്കുക, കിരീടം നേടുക എന്നത് മാത്രമാണ് തന്‍റെ ഒരേയൊരു ലക്ഷ്യമെന്നും എംബാപ്പെ പറഞ്ഞു. കളിച്ച 18 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് തന്നെയാണ് എംബാപ്പെ 18 ഗോളുകൾ തികച്ചത് എന്നതും ശ്രദ്ധേയമാണ്. 2022 ലോകകപ്പ് ഫൈനലിലെ ആവേശപ്പോരാട്ടത്തിന് ശേഷം വീണ്ടുമൊരു ഗോൾഡൻ ബൂട്ട് യുദ്ധത്തിനാണ് ഫുട്ബോൾ ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
റൗണ്ട് ഓഫ് 16 മത്സരത്തിൽ പരാഗ്വെയെ നേരിടാനൊരുങ്ങുന്ന ഫ്രാൻസ് ടീമിൽ ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടാനുണ്ടെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. ടൂർണമെന്‍റിലെ തുടക്കം മികച്ചതാണെങ്കിലും കളിയിലെ ചില തന്ത്രങ്ങൾ ഇനിയും മെട്ടപ്പെടാനുണ്ടെന്നും വരും ദിവസങ്ങളിൽ കഠിന പരിശീലനത്തിലൂടെ അത് പരിഹരിക്കുമെന്നും ഫ്രഞ്ച് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഗോളടിക്കാൻ ശേഷിയുള്ള മികച്ചൊരു മുന്നേറ്റനിര ഒപ്പമുള്ളത് ഏത് മത്സരത്തിലും തങ്ങൾക്ക് മേൽക്കൈ നൽകുമെന്ന ആത്മവിശ്വാസവും എംബാപ്പെ പങ്കുവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!