
കൊൽക്കത്ത: അഞ്ചുതവണ ലോകചാമ്പ്യന്മാരും ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനക്കാരുമായ ബ്രസീൽ ഫുട്ബോൾ ടീം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങാനൊരുങ്ങവെ, സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. വലിയ തുക മുടക്കി പ്രമുഖ ടീമുകളെ പ്രദർശന മത്സരങ്ങൾക്ക് എത്തിക്കുന്നതിനേക്കാൾ, തകർന്നുനിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന്‍റെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനവും മെച്ചപ്പെടുത്താനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്ന് ബൂട്ടിയ തുറന്നടിച്ചു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് ബൂട്ടിയ കളിയാക്കിയത്. ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തയാൾ മകന്‍റെ കല്യാണത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയാണ് അധികൃതരുടെ ഈ പബ്ലിസിറ്റി അഭ്യാസങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രസീൽ ഇന്ത്യയിൽ കളിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരമൊരു മത്സരത്തിന്‍റെ യഥാർത്ഥ പ്രസക്തി എന്താണെന്ന് ചോദ്യമുയർത്തി.
ഒക്ടോബറിൽ ബ്രസീൽ എത്തുന്ന അതേ സമയത്തുതന്നെ ഇന്ത്യക്ക് ആസിയാൻ കപ്പിൽ പങ്കെടുക്കേണ്ടതുണ്ട്. നിർണായക പോരാട്ടങ്ങൾ നിലനിൽക്കെ ബ്രസീലിനെതിരെ രണ്ടാം നിര ടീമിനെയാണോ ഇന്ത്യ അണിനിരത്തുകയെന്ന് ബൂട്ടിയ ചോദിച്ചു. സാമ്പത്തിക-ഭരണ പ്രതിസന്ധികൾ കാരണം ജംഷെഡ്പൂർ എഫ്.സി ഐ.എസ്.എല്ലിൽ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് അധികൃതർ. നിലവിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യ 138-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ദേശീയ താരം നിഖിൽ പൂജാരി ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാരും ബൂട്ടിയയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന വികസനം മറന്നുള്ള ഇത്തരം പ്രദർശന മത്സരങ്ങൾ ഫുട്ബോളിന് ദീർഘകാല നേട്ടം ഉണ്ടാക്കില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, മോഹൻ ബഗാന്‍റെ മുൻ ബ്രസീലിയൻ താരം ജോസ് ബരേറ്റോ നീക്കത്തെ അനുകൂലിച്ചു. ലോകോത്തര താരങ്ങൾ ഉൾപ്പെടുന്ന ബ്രസീൽ ടീം കൊൽക്കത്തയിൽ പന്ത് തട്ടുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശവും, കായിക മേഖലയ്ക്ക് പുതിയ ഉണർവും നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!