
ബ്യൂണസ് അയേഴ്സ്: കളിക്കളത്തിൽ വിസ്മയം തീർക്കുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണൽ മെസ്സി(Lionel Messi) അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. അർജന്‍റീനയിലെ ടെലിവിഷൻ സീരീസിലാണ് മെസി അഭിനയിക്കുന്നത്. ഗ്രൗണ്ടില്‍ എതിരാളികളുടെ പേടിസ്വപ്നമായ മെസി നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങൾക്കായി മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.
ഇതിനിടെയാണ് മെസി ടെലിവിഷന്‍ പരമ്പരയില്‍ അഭിനേതാവായി ആരാധകർക്ക് മുന്നിലെത്തുന്നത്. അർജന്‍റീനയിലെ ജനപ്രീയ സീരീസായ ലോസ് പ്രൊട്ടക്റ്റേഴ്‌സിന്‍റെ(Los Protectores) രണ്ടാം സീസണിലാണ് കഥാപാത്രമായി മെസിയെത്തുക. മെസിയുടെ രംഗങ്ങൾ പാരീസിൽ ചിത്രീകരിച്ചു. മാര്‍ക്ക് കാര്‍നെവാലയാണ് സീരീസിന്‍റെ സംവിധായകന്‍.
അഞ്ചിന്‍റെ മൊഞ്ചില്‍ മെസി, റെക്കോര്‍ഡ്; എസ്റ്റോണിയക്കെതിരെ കൂറ്റന്‍ ജയവുമായി അര്‍ജന്‍റീന
മൂന്ന് ഫുട്ബോൾ ഏജന്‍റുമാരുടെ കരിയറിലുണ്ടാവുന്ന പ്രതിസന്ധി പ്രമേയമാവുന്ന ഭാഗത്താണ് മെസി അതിഥി വേഷത്തിൽ എത്തുന്നത്. കളിക്കളത്തിലെ മെസി ക്യാമറയ്ക്ക് മുന്നിലും വിസ്മയിപ്പിച്ചുവെന്ന് സീരീസിലെ മറ്റ് അഭിനേതാക്കൾ പറയുന്നു. അടുത്തവർഷമാണ് മെസി അഭിനയിച്ച രംഗങ്ങൾ സംപ്രേഷണം ചെയ്യുക.
ഈ വര്‍ഷം മാര്‍ച്ചില്‍ പ്രക്ഷേപണം തുടങ്ങിയ സീരീസിന്‍റെ ആദ്യ സീസണില്‍ ഒമ്പത് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. സീരീസിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റാര്‍ പ്ലസ്‌ല പുറത്തുവിട്ട ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മെസി അഭിനയിക്കുന്ന രംഗങ്ങളുമുണ്ട്.
ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് അര്‍ജന്‍റീന കുപ്പായത്തില്‍ 34കാരനായ മെസിയുടെ അവസാന ലോകകപ്പാകുമെന്നാണ് കരുതുന്നത്. ക്ലബ്ബ് തലത്തില്‍ കീരീടങ്ങള്‍ വാരിക്കൂട്ടുമ്പോഴും ദേശീയ ജേഴ്സിയില്‍ കിരീടമില്ലെന്ന വിമര്‍ശനം കോപ്പ അമേരിക്ക കിരീടം നേടി മെസി മറികടന്നിരുന്നു. ഇതിന് പിന്നാലെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി വന്‍കര ചാമ്പ്യന്‍ഷിപ്പിലും മെസി അര്‍ജന്‍റീനയെ ചാമ്പ്യന്‍മാരാക്കി.
ലോകകപ്പിന് മുമ്പ് മികച്ച ഫോമിലുള്ള അര്‍ജന്‍റീന പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്‍റീന ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!