
കാൻസാസ് സിറ്റി: ലോകകിരീടം നിലനിർത്താൻ എത്തിയ അർജന്റീനയ്ക്ക് വിജയത്തുടക്കം. മെസി ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്. ഹാട്രിക് നേടുക മാത്രമല്ല, ഒരുപിടി റെക്കോർഡുകളോട് കൂടിയാണ് ഇന്ന് മെസി കളം വിട്ടത്. ആദ്യ ലോകകപ്പ് ഗോളിന്റെ ഇരുപതാം വാർഷികത്തിലായിരുന്നു മെസി ഇന്ന് തന്റെ പതിനാലാം ലോകകപ്പ് ഗോൾ നേടിയത്. 2006 ൽ ജർമനയിൽ നടന്ന ടൂർണമെന്റ് മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയ ആന്റ് മോണ്ടിനെഗ്രോയ്ക്കെതിരെയായിരുന്നു മെസിയുടെ ആദ്യ ലോകകപ്പ് ഗോൾ.
ഇരുപത് വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്കു വേണ്ടിയുള്ള തന്റെ ഇരുന്നൂറാം മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ മെസി തന്റെ ലോകകപ്പ് ഗോൾ നേട്ടം പതിനാറായി ഉയർത്തുകയും ചെയ്തു. ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ മെസിയുള്ളത്. അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും മെസി തന്നെയാണ്.
ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ വ്യക്തി കൂടിയാണ് മെസി. കാമറൂണിന്റെ റോജർ മില്ലയും (42), പോർച്ചുഗലിന്റെ പെപെയുമാണ് (39) മെസിക്ക് മുന്നിലുള്ളത്. ലോകകപ്പ് ചരിത്രത്തിൽ പതിനൊന്ന് രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരം കൂടിയായി മാറിയിരിക്കുകയാണ് മെസി. പത്ത് രാജ്യങ്ങൾക്കെതിരെ സ്‌കോർ ചെയ്ത ബ്രസീലിന്റെ റൊണാൾഡോയുടെയും, ജർമനിയുടെ യോർഗെൻ ക്ലിൻസ്‌മാന്റെയും റെക്കോർഡ് ആണ് മെസി മറികടന്നത്. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡും മെസി ഇന്ന് സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസി തന്നെയാണ്.
ഇന്നത്തെ മത്സരത്തിൽ പതിനേഴാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. റോഡ്രിഗോ ഡീ പോളിന്റെ മധ്യനിരയിൽ നിന്നുള്ള പാസ് സ്വീകരിച്ച് അൾജീരിയൻ പ്രതിരോധമതിൽ തകർത്തുകൊണ്ട് മെസി തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിലും അൾജീരിയൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് മെസി സ്‌കോർ ചെയ്തു. എഴുപത്തിയാറാം മിനിറ്റിലായിരുന്നു മെസി തന്റെ ഹാട്രിക് തികച്ചത്. ജൂൺ 22 ൽ ഓസ്ട്രിയയുമായും, 28 ന് ജോർദാനുമായാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!