വമ്പൻ ട്രാൻസ്ഫർ തുകയുമായി കരാര്‍ പുതുക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ വൻ തുകയ്ക്ക് വിൽക്കുകയെന്ന നയത്തിലാണ് ക്ലബ്ബ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ്.

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും തമ്മിലുള്ള ബന്ധം പൂര്‍ണമായും ഉലഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബ് അധികൃതർ സമർപ്പിച്ച പുതിയ കരാർ ഓഫർ വിനീഷ്യസ് നിരസിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം രൂക്ഷമായത്. പുതിയ പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്ക് കീഴിൽ പ്രീ-സീസൺ പരിശീലനത്തിനായി മാഡ്രിഡിൽ തിരിച്ചെത്തിയ വിനീഷ്യസ്, ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനായി ക്ലബ് മാനേജ്‌മെന്‍റുമായി നിർണ്ണായക കൂടിക്കാഴ്ച നട നടത്തുമെന്നാണ് റിപ്പോര്‍ട്ട്..

കരാർ പുതുക്കുക, അല്ലെങ്കിൽ ഈ സമ്മർ വിൻഡോയിൽ തന്നെ ക്ലബ്ബ് വിടുക എന്നീ രണ്ട് വഴികളാണ് ഇപ്പോൾ താരത്തിന് മുന്നിലുള്ളത്. റയലിൽ തുടരാൻ താൽപര്യമുണ്ടെങ്കിലും ക്ലബ്ബിന്‍റെ ഭാഗത്തുനിന്നുള്ള നിലപാടാണ് താരത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ടീമിലെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നൽകുന്നതിനേക്കാൾ 10 മില്യൺ യൂറോയിലധികം കുറഞ്ഞ വാർഷിക ശമ്പളമാണ് റയൽ മാഡ്രിഡ് വിനീഷ്യസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് തന്നെ ഒരു ലോകോത്തര കളിക്കാരനായി അംഗീകരിക്കാത്തതിന് തുല്യമാണെന്നും വലിയ അപമാനമാണെന്നും താരം കരുതുന്നു.

ക്ലബ്ബിനായി താൻ നൽകിയ സംഭാവനകൾക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്നാണ് വിനീഷ്യസിന്‍റെ പരാതി. ഇതിനുപുറമെ, 2027 വരെ നീളുന്ന നിലവിലെ കരാർ അവസാനിക്കുമ്പോൾ ലഭിക്കേണ്ട 'ലോയൽറ്റി ബോണസ്' പുതിയ കരാർ ഒപ്പിടുമ്പോൾ തന്നെ ലഭിക്കണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാൽ റയൽ മാനേജ്‌മെന്‍റ് ഈ ആവശ്യങ്ങൾ തള്ളിക്കളഞ്ഞു. വമ്പൻ ട്രാൻസ്ഫർ തുകയുമായി കരാര്‍ പുതുക്കാൻ തയ്യാറായില്ലെങ്കിൽ താരത്തെ വൻ തുകയ്ക്ക് വിൽക്കുകയെന്ന നയത്തിലാണ് ക്ലബ്ബ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ്. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിറ്റഴിച്ച ചരിത്രമുള്ള പെരസ്, വിനീഷ്യസിനായി 170 മില്യൺ യൂറോയാണ് വിലയിട്ടിരിക്കുന്നത്.

ഈ പ്രതിസന്ധി ഘട്ടം മുതലെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സനൽ വിനീഷ്യസിനായി രംഗത്തെത്തിയിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് വിനീഷ്യസിനെ എമിറേറ്റ്‌സിലെത്തിക്കാൻ പരിശീലകൻ മീക്കൽ ആർട്ടേറ്റയ്ക്ക് താൽപര്യമുണ്ട്. അതേസമയം, വിനീഷ്യസ് ക്ലബ്ബിൽ തുടരണമെന്ന് പുതിയ പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്ക് നിർബന്ധമുണ്ട്. ടീമിലെ പ്രധാന താരത്തെ നിലനിർത്താൻ മൗറീഞ്ഞോ വിഷയത്തിൽ നേരിട്ട് ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക