
ബ്യൂണസ് അയേഴ്സ്: ലോകകപ്പില്‍ അർജന്‍റീന ടീമിന്‍റെ പ്രതിരോധക്കോട്ട കാത്ത വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38-കാരനായ സെന്‍റർ ബാക്ക് വിരാമമിട്ടത്. 2022-ലെ ഫിഫ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും (2021, 2024) നീലപ്പടയ്ക്കൊപ്പം നേടിയ ശേഷമാണ് ഒട്ടമെൻഡി ബൂട്ടഴിക്കുന്നത്.
അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഈജിപ്തിനെയും ഇംഗ്ലണ്ടിനെയും തകർത്ത് മുന്നേറിയ അർജന്‍റീനയ്ക്ക് ഫൈനലിൽ അധികസമയത്താണ് സ്പെയിനിനോട് അടിയറവ് പറയേണ്ടി വന്നത്. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് ഒട്ടമെൻഡി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്:
എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചതുപോലെ എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും, അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നൽകി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദി അർജന്‍റീന.
2009-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഒട്ടമെൻഡി, അർജന്‍റീന ജേഴ്സിയിൽ 139 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഫിഫ ലോകകപ്പുകളിൽ (2010, 2018, 2022, 2026) അർജന്‍റീനയുടെ പ്രതിരോധം നയിച്ചു. ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന നേടിയ വമ്പൻ വിജയങ്ങളിലെല്ലാം പ്രതിരോധ നിരയിലെ പ്രധാന സാന്നിധ്യമായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക എന്നീ മുൻനിര ക്ലബ്ബുകൾക്കായി 16 വർഷത്തോളം കളിച്ച ഒട്ടമെന്‍ഡി അടുത്തിടെയാണ് സ്വന്തം ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് തിരിച്ചെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഒട്ടമെൻഡി സജീവമായി തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!