പരിക്ക് അവഗണിച്ചും കളത്തിലറങ്ങി നെയ്മര്‍! പിന്നാലെ ഗോളും അസിസ്റ്റും, തരം താഴ്ത്തല്‍ മേഖലിയലുള്ള സാന്റോസിന് ആശ്വാസം

Published : Nov 29, 2025, 06:40 PM IST
Neymar Jr

Synopsis

ഗുരുതരമായ പരിക്ക് അവഗണിച്ച് കളിക്കാനിറങ്ങിയ നെയ്മര്‍, സാന്റോസിന് നിർണായക മത്സരത്തിൽ വിജയം സമ്മാനിച്ചു. 

ബ്രസീലിയ: പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ നെയ്മറിന്റെ കരുത്തില്‍ സാന്റോസ് ക്ലബ് ,ബ്രസീല്‍ ലീഗ് സീരി എയിലെ തരംതാഴ്ത്തല്‍ ഭീഷണി താല്‍കാലികമായി മറികടന്നു. ലീഗിലെ നിര്‍ണായക മത്സരത്തില്‍ സ്‌പോര്‍ട് റെസിഫെക്കെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് സാന്റോസ് ജയിച്ചുകയറിയത്. ഗുരുതര പരിക്കുണ്ടായിട്ടും കളത്തിലിറങ്ങിയ നെയ്മര്‍ ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളിയിലെ താരമായി. ലീഗില്‍ മൂന്നു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 17ാം സ്ഥാനത്തായിരുന്ന സാന്റോസിന് തരം താഴ്ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ ജയം അനിവാര്യമായിരുന്നു.

ഇതോടെ ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ചും നെയ്മര്‍ തന്റെ ബാല്യകാല ക്ലബിന് വേണ്ടി കളിക്കുകയായിരുന്നു. പരിക്കേറ്റ നെയ്മറിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാണ്. താരത്തിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്റ്റര്‍മാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍, താരത്തിന് എല്ലാത്തിനും വലുത് ടീമിനെ ജയിപ്പിച്ച് തരംതാഴ്ത്തല്‍ ഭീഷണിയില്‍നിന്ന് രക്ഷിക്കുക എന്നതായിരുന്നു.

25ാം മിനിറ്റില്‍ നെയ്മറിലൂടെയാണ് സാന്റോസ് ആദ്യം ലീഡെടുത്തത്. 36ാം മിനിറ്റില്‍ സ്‌പോര്‍ട് റെസിഫെ താരം ലൂക്കാസ് കലിന്റെ ഓണ്‍ ഗോളിലൂടെ ലീഡ് ഇരട്ടിയായി. 67ാം മിനിറ്റില്‍ ജാവോ ഷ്മിത്തും വലകുലുക്കിയതോടെ സാന്റോസിന് തകര്‍പ്പന്‍ ജയം. സൗദി ക്ലബ് അല്‍ ഹിലാലില്‍നിന്ന് സാന്റോസിലെത്തിയ നെയ്മറിന് ഇവിടെയും പരിക്ക് വേട്ടയാടുന്നതാണ് കണ്ടത്. ലോക ഫുട്ബാളിലെ സൂപ്പര്‍ താരം അണിനിരന്നിട്ടും സാന്റോസ് നാണംകെട്ട തോല്‍വികള്‍ ഏറ്റുവാങ്ങി. നിലവില്‍ 36 മത്സരങ്ങളില്‍നിന്ന് 41 പോയന്റുമായി 15ാം സ്ഥാനത്താണ് സാന്റോസ്.

20 ടീമുകളാണ് ലീഗില്‍ കളിക്കുന്നത്. അവസാന സ്ഥാനത്തുള്ള നാലു ടീമുകളെയാണ് തരംതാഴ്ത്തുക. ലീഗില്‍ ഇനിയും രണ്ടു മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സര ഫലങ്ങളും ടീമിന് നിര്‍ണായകമാണ്. ലോകകപ്പിന് മുമ്പ് താരത്തിന് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സാധ്യതകള്‍ സംശയത്തിലാണ്. 2025ല്‍ ഹാംസ്ട്രിങ് പരിക്കും മറ്റ് പേശീ സംബന്ധമായ പ്രശ്‌നങ്ങളും കാരണം നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ബ്രസീല്‍ ദേശീയ ടീം പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പിന് മുന്നോടിയായി ഫിറ്റ്‌നസ് തെളിയിക്കാന്‍ നെയ്മറിന് ആറ് മാസത്തെ സമയം നല്‍കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം