
റിയാദ്: 2027-ല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന് മുന്നോടിയായ 2026 എഎഫ്സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പ് ജനുവരി ആറ് മുതല്‍ 24 വരെ റിയാദ്, ജിദ്ദ നഗരങ്ങളില്‍ നടക്കും. കാണികള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായി സംഘാടക സമിതി അറിയിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ഔദ്യോഗിക വെബ്‌സൈറ്റ് (https://www.the-afc.com/en/home.html) വഴിയാണ് ടിക്കറ്റ് വില്‍പ്പന.
ഏഷ്യന്‍ വന്‍കരയിലെ 16 പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം പതിപ്പിനാണ് സൗദി അറേബ്യ ആദ്യമായി വേദിയാകുന്നത്.
ആരാധകര്‍ക്ക് കുറഞ്ഞ നിരക്കില്‍ മത്സരങ്ങള്‍ കാണാനുള്ള അവസരമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് 15 റിയാല്‍, പ്രീമിയം ടിക്കറ്റിന് 75 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. റിയാദിലും ജിദ്ദയിലുമായി നാല് സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരവും ഫൈനലും ഉള്‍പ്പെടെ 10 മത്സരങ്ങള്‍. ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ സെമി ഫൈനലുകളും ലൂസേഴ്‌സ് ഫൈനലും ഉള്‍പ്പെടെ 10 മത്സരങ്ങളും നടക്കും. റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയവും അല്‍ ശബാബ് ക്ലബ് സ്റ്റേഡിയവും ആറ് വീതം മത്സരങ്ങള്‍ക്ക് വേദികളാവും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും കൂടുതല്‍ ഫുട്ബാള്‍ ആരാധകരെ സ്റ്റേഡിയങ്ങളിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. 2027-ലെ ഏഷ്യന്‍ കപ്പിനുള്ള സൗദിയുടെ തയ്യാറെടുപ്പുകളിലെ സുപ്രധാനമായ നാഴികക്കല്ലാണ് ഈ യുവജന ടൂര്‍ണമെന്റ്.