
ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർപോരാട്ടത്തിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസിയെ നേരിടും. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുണൈറ്റഡ് സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ ഇറങ്ങുക. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.
പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലെത്താൻ കച്ചകെട്ടിയിറങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോട്ടനത്തെ സ്വന്തം മണ്ണിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എറിക് ടെന്‍ ഹാഗിന്‍റെ സംഘം എത്തുന്നു. ബ്രന്‍റ്ഫോർഡിനോട് സമനില വഴങ്ങിയ നിരാശ മാറ്റുകയാണ് ചെൽസിയുടെ ലക്ഷ്യം. അച്ചടക്കലംഘനത്തിന് ടീമിന് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെയാണ് യുണൈറ്റഡ് ചെൽസിക്കെതിരെയിറങ്ങുന്നത്. പരിക്ക് മാറിയ ആന്‍റണി മാർഷ്യൽ, വാൻബിസാക എന്നിവർ ടീമിലേക്ക് മടങ്ങിയെത്തും.
തിയാഗോ സില്‍വ തിരിച്ചെത്തും
പരിക്കാണ് ചെൽസി കോച്ച് ഗ്രഹാംപോട്ടറിനും പ്രതിസന്ധി. എൻഗോളോ കാന്‍റെ, റീസ് ജയിംസ്, ഫൊഫാന എന്നിവർ ടീമിന് പുറത്താണ്. തിയാഗോ സിൽവയും ഹക്കിം സിയെച്ചും ടീമിലേക്ക് മടങ്ങിയെത്തിയേക്കും. അവസാന 9 പ്രീമിയർ ലീഗ് മത്സരങ്ങളിലും ചെൽസിയോട് തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം യുണൈറ്റഡിന് കരുത്തായേക്കും. രാത്രി പത്ത് മണിക്കാണ് സൂപ്പർപോരാട്ടം.
പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്തിഹാദിൽ ബ്രൈറ്റനാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ സിറ്റിക്ക് വിജയവഴിയിൽ തിരിച്ചെത്തുക പ്രധാനമാണ്. ഏർളിംഗ് ഹാളണ്ടി നെതടയുക ബ്രൈറ്റന് എളുപ്പമാകില്ല. വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ലിവർപൂളിന് എവെ മത്സരത്തിൽ അവസാന സ്ഥാനക്കാരായ നോട്ടിംങ്ഹാം ഫോറസ്റ്റാണ് എതിരാളികൾ. എവർട്ടന് ക്രിസ്റ്റൽ പാലസാണ് ഇന്ന് എതിരാളികൾ.
പണികിട്ടി റോണോ
ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടതിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് നടപടി സ്വീകരിച്ചത്. ഇഞ്ചുറിടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെന്‍ ഹാഗ് കളിക്കാന്‍ അവസരം നല്‍കാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടുപോയത്. എന്നാല്‍ സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം മാത്രമാണുള്ളത് എന്നാണ് റൊണാള്‍ഡോയുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!