വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം മാത്രമാണുള്ളതെന്ന് ക്രിസ്റ്റിയാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട പോസ്റ്റില്‍ പറയുന്നു.

ലണ്ടന്‍: ഇന്നലെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ അടുത്ത പ്രീമിയര്‍ ലീഗ് മത്സരത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള വാര്‍ത്ത വന്നത്. ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടിയുണ്ടായത്. യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗാണ് നടപടിയെടുത്തത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തില്‍ റൊണാള്‍ഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ക്രിസ്റ്റ്യാനോ ജനുവരിയില്‍ യുണൈറ്റഡ് വിടുമെന്ന അഭ്യുഹങ്ങള്‍ ശക്തമായി.

എന്നാലിപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം മാത്രമാണുള്ളതെന്ന് ക്രിസ്റ്റിയാനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നതിങ്ങനെ... ''കഴിഞ്ഞ 20 വര്‍ഷമായി ഉയര്‍ന്ന തലത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത്രയും കാലം സഹതാരങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്. ഇന്നും അതിന് മാറ്റമില്ല. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് വഴിക്കാട്ടിയാവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലാ സമയത്തും അതിന് കഴിയണമെന്നില്ല. ചില സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദമേറും.'' ക്രിസ്റ്റ്യാനോ കുറിച്ചിട്ടു.

View post on Instagram

ടോട്ടനത്തിനെതിരെ പകരക്കാരനായി ഇറക്കാത്തതില്‍ പ്രതിഷേധ സൂചകമായിട്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരം ഇഞ്ചുറിടൈമിലൈക്ക് കടന്നിട്ടും കോച്ച് എറിക് ടെന്‍ ഹാഗ് കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. പ്രീ സീസണ്‍ പരിശീലനത്തില്‍ നിന്നും സന്നാഹമത്സരങ്ങളില്‍ നിന്നും വിട്ടുനിന്നതിനാല്‍ റൊണാള്‍ഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താറില്ല. ഇതുകൊണ്ടുതന്നെ സീസണില്‍ രണ്ടുഗോള്‍ മാത്രമേ റൊണാള്‍ഡോയ്ക്ക് നേടാനായിട്ടുള്ളൂ. ഇതിന്റെ തുടര്‍ച്ചയായാണ് ടോട്ടനത്തിന് എതിരായ മത്സരം പൂര്‍ത്തിയാവും മുന്‍പ് കളിക്കളം വിട്ടത്.

Scroll to load tweet…

താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. റൊണാള്‍ഡോയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുണൈറ്റഡിന്റെ മുന്‍താരമായ പീറ്റര്‍ ഷ്‌മൈക്കേല്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചു. റൊണാള്‍ഡോ ഇറങ്ങിയില്ലെങ്കിലും യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തോല്‍പിച്ചു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. 10 മത്സരങ്ങളില്‍ 19 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ 27 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്.