യുവേഫ സൂപ്പര്‍ കപ്പ്: പിഎസ്ജി സ്‌ക്വാഡില്‍ ഡോണരുമ്മയെ ഒഴിവാക്കി, താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന

Published : Aug 12, 2025, 10:04 PM IST
Gianluigi Donnarumma

Synopsis

യുവേഫ സൂപ്പർ കപ്പിൽ നിന്ന് ഡോണരുമ്മയെ പിഎസ്ജി ഒഴിവാക്കി. 

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജി, യുവേഫ സൂപ്പര്‍ കപ്പ് സ്‌ക്വാഡില്‍ നിന്ന് ഗോള്‍കീപ്പര്‍ ഡോണരുമ്മയെ ഒഴിവാക്കി. പുതിയ കരാറില്‍ ഒപ്പിടാന്‍ ഡോണരുമ്മ വിസമ്മതിച്ചതോടെയാണ് ഈ നീക്കത്തിന് കാരണം. 2026ല്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഫ്രീ ഏജന്റായി താരം ക്ലബ് വിടുമെന്ന് പിഎസ്ജി നേരത്തേ സൂചന നല്‍കിയിരുന്നു. ലൂയിസ് എന്റ്വിക്കെക്ക് കീഴില്‍ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായി ലൂക്കാസ് ഷെവലിയറുമായി ക്ലബ് ഇതിനോടകം കരാറിലെത്തിയിട്ടുണ്ട്. പിഎസ്ജിയുടെ സമീപകാല വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ കീപ്പറാണ് ഡോണരുമ്മ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബുകള്‍ ഡോണരുമ്മയെ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി താരം ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം.

കിംഗ്സ്ലി കോമാന്‍ അല്‍ നസറിലേക്ക്

ബയേണ്‍ മ്യൂണിക്ക് താരം കിംഗ്സ്ലി കോമാന്‍ സൗദി ക്ലബ് അല്‍ നസറിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നു. 30 ദശലക്ഷം യൂറോയുടെ കരാറില്‍ ഇരു ക്ലബുകളും തമ്മില്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തേക്ക് താരവുമായി കരാറിലെത്താനാണ് അല്‍ നസറിന്റെ ശ്രമം. ഈ ആഴ്ച തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്പാനിഷ് പ്രതിരോധ താരം ഇനിഗോ മാര്‍ട്ടിനെസ്, പോര്‍ച്ചുഗീസ് മുന്നേറ്റ താരം ജാവോ ഫെലിക്‌സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് പിന്നാലെയാണ് കോമാനും റൊണാള്‍ഡോയുടെ അല്‍നസറിലെത്തുന്നത്. സൗദി പ്രോ ലീഗിലും ഏഷ്യന്‍ തലത്തിലും പുതിയ താരങ്ങളുടെ കടന്നുവരവ് ഗുണം ചെയ്യുമെന്നാണ് അല്‍ നസറിന്റെ പ്രതീക്ഷ.

ഗ്രീലിഷ് എവര്‍ട്ടണില്‍

ഇംഗ്ലീഷ് വിങ്ങറായ , ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി എവര്‍ട്ടണ്‍. മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ലോണ്‍ അടിസ്ഥാനത്തിലാണ് എവര്‍ട്ടണ്‍ സ്വന്തമാക്കിയത്. 29ക്കാരനായ താരം എവര്‍ട്ടണ്‍ മാനേജര്‍ ഡേവിഡ് മോയസിന്റെ കീഴില്‍ കളിക്കാന്‍ താല്‍പര്യം അറിയിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ താരത്തിന് സിറ്റിയില്‍ അവസരങ്ങള്‍ കുറവായിരുന്നു. ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം പിടിക്കാനായത്. കൂടാതെ ക്ലബ് ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളിലെ സ്‌ക്വാഡില്‍ നിന്ന് തഴയപ്പെട്ടു. എവര്‍ട്ടണില്‍ ചേക്കേറി ഫോം വീണ്ടെടുക്കുകയാണ് ജാക്ക് ഗ്രീലിഷിന്റെ ലക്ഷ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്