
പാരീസ്: കോച്ച് മൗറീസിയോ പൊച്ചെറ്റീനോയും പിഎസ്ജിയും വഴിപിരിയുന്നു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കഴിഞ്ഞ സീസണിനിടെ തോമസ് ടുഷേലിനെ പുറത്താക്കിയപ്പോഴാണ് പൊച്ചെറ്റീനോ പി എസ് ജിയുടെ പരിശീലകനായത്. ലിയോണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പേ എന്നിവര്‍ ടീമിലുണ്ടായിട്ടും പി എസ് ജിക്ക് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് പൊച്ചെറ്റീനോയെ പുറത്താക്കാന്‍ പി എസ് ജി തീരുമാനിച്ചത്. രണ്ടുഗോള്‍ ലീഡുണ്ടായിട്ടും ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്തായതാണ് പൊച്ചെറ്റീനോയ്ക്ക് തിരിച്ചടിയായത്. പൊച്ചെറ്റീനോയ്ക്ക് പകരം സിനദിന്‍ സിദാനെ പരിശീലകനാക്കാനുള്ള പി എസ് ജിയുടെ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയിട്ടില്ല. നീസിന്റെ ക്രിസ്റ്റഫര്‍ ഗാറ്റ്‌ലിയര്‍ പി എസ് ജിയുടെ പുതിയ കോച്ചാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോമ കോച്ച് ജോസെ മോറീഞ്ഞോയുടെ പേരും പി എസ് ജിയുടെ പരിഗണനയിലുണ്ട്.
പിഎസ്ജി കോച്ചാവാനില്ലെന്ന് സിദാനും വ്യക്തായിരുന്നു. സിദാനെയോ അദ്ദേഹത്തെ പ്രതിനിധികരിക്കുന്ന തന്നെയോ പി എസ് ജി ഉടമകള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ഉപദേശകന്‍ മിഗിലിയാഷിയോ വ്യക്തമാക്കി. ഇതുസബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേം വ്യക്തമാക്കി. സിനദിന്‍ സിദാന്‍ പിഎസ്ജി പരിശീലകനായി വരുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടോയെന്ന് തനിക്ക് തോന്നുന്നില്ലെന്നും മിഗിലിയാഷിയോ പറഞ്ഞു.
പൊച്ചെറ്റീനോ പോകുന്നത് സംബന്ധിച്ച് പിഎസ്ജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നരവര്‍ഷം മുമ്പാണ് പൊച്ചെറ്റീനോ പിഎസ്ജിയുടെ പരിശീലകനാകുന്നത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ ക്ലബ്ബിനെ ചാമ്പ്യന്‍മാരാക്കിയെങ്കിലും പോച്ചെറ്റീനോക്ക് പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കാനായിട്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് തോറ്റാണ് പിഎസ്ജി ഇത്തവണ പുറത്തായത്. റയല്‍ പിന്നീട് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.
ഫ്രാന്‍സിന്റെ ഇതിഹാസ താരമായിരുന്ന സിദാന്‍ റയല്‍ മാഡ്രിഡിന്റെയും പരിശീലകനായിരുന്നു. 2020-21 സീസണില്‍ റയലിന്റെ പരിശീലക സ്ഥാനം വിട്ട സിദാന്‍ നിലവില്‍ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. സീസണൊടുവില്‍ ക്ലബ്ബ് വിട്ട് റയലിലേക്ക് പോകാനൊരുങ്ങിയ യുവതാരം കിലിയന്‍ എംബാപ്പെയെ വന്‍തുക നല്‍കി നിലനിര്‍ത്തുന്നതില്‍ പി എസ് ജി വിജയിച്ചിരുന്നു.