പോയിന്‍റ് പട്ടികയില്‍ റയല്‍ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. റയലിന് 31 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റാണുള്ളത്.

ഗെറ്റാഫെ: സ്‌പാനിഷ് ലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. റയലിനെ ഗെറ്റാഫെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഇതോടെ പോയിന്‍റ് പട്ടികയില്‍ റയല്‍ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. റയലിന് 31 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റാണുള്ളത്. അത്രതന്നെ കളിയില്‍ 70 പോയിന്‍റുള്ള അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണ 65 പോയിന്‍റുമായി മൂന്നാംസ്ഥാനത്തും തുടരുന്നു.

അറ്റ്‍‍ലാന്‍റയില്‍ മുങ്ങി യുവന്‍റസ്

അതേസമയം ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസ് കനത്ത പ്രഹരം നേരിട്ടു. യുവന്‍റസിനെ അറ്റ്‍‍ലാന്‍റ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 87-ാം മിനിറ്റില്‍ റസ്‍‍ലാന്‍ മലിനോവ്സ്‌കിയാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇതോടെ യുവന്‍റസിനെ പിന്തള്ളി അറ്റ‍്‍ലാന്‍റ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. 

ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ യുവന്‍റസിന് മികച്ച പ്രകടനം നടത്തേണ്ടിവരും. കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് യുവന്‍റസിന് ജയിക്കാനായത്. 2001 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുവന്‍റസിനെ അറ്റ്‍‍ലാന്‍റ തോൽപ്പിക്കുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ ഇല്ലാതെയാണ് യുവന്‍റസ് ഇറങ്ങിയത്. 

ഇന്‍റര്‍ മിലാന് സമനില

അതേസമയം ഇന്‍റർമിലാൻ-നാപ്പോളി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മുപ്പത്തിയാറാം മിനിറ്റില്‍ നാപ്പോളിയാണ് ആദ്യ ഗോള്‍ നേടിയത്. ഇന്‍റർമിലാൻ 55-ാം മിനിറ്റില്‍ ഗോള്‍ മടക്കി. 

പ്രീമിയര്‍ ലീഗ്: വീണ്ടും ത്രില്ലര്‍ ജയവുമായി യുണൈറ്റഡ്; ആഴ്‌സണലിനെ വിറപ്പിച്ച് ഫുൾഹാം