Santosh Trophy : ഈ ഗോളുകള്‍ മായില്ല; ജസിൻ അഞ്ചടിച്ച് കയറ്റിയത് ചരിത്രത്തിലേക്ക്

By Web TeamFirst Published Apr 28, 2022, 11:49 PM IST
Highlights

ഒമ്പത് മിനിട്ടിനുള്ളിൽ ഹാട്രിക് ഗോളിട്ട ജസിൻ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായാണ് കളം വിട്ടത്

മഞ്ചേരി: പകരക്കാരനായി കളത്തിലിറങ്ങി ഒമ്പത് മിനുട്ടിൽ ഹാട്രിക്! പിന്നാലെ രണ്ട് ഗോളും. സന്തോഷ് ട്രോഫി (Santosh Trophy 2022) സെമിയില്‍ കർണാടകയ്ക്കെതിരെ (Kerala vs Karnataka) ജസിൻ ടികെ (Jesin TK) അഞ്ച് ഗോളുകള്‍ അടിച്ച് കയറ്റിയത് ചരിത്രത്തിലേക്ക്. പയ്യനാട്ടെ പുൽമൈതാനത്ത് നിലമ്പൂർകാരൻ ടി കെ ജസിൻ ചീറ്റപ്പുലിയായപ്പോൾ സന്തോഷ് ട്രോഫിയിൽ പിറന്നത് പുതു ചരിത്രം. 

ഒമ്പത് മിനിട്ടിനുള്ളിൽ ഹാട്രിക് ഗോളിട്ട ജസിൻ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായാണ് കളം വിട്ടത്. ചാമ്പ്യൻഷിപ്പിൽ ആറ് ഗോൾ നേടിയ ജസിൻ ഗോൾവേട്ടകാരുടെ പട്ടികയിൽ ഒന്നാമതാണ്. കളി തുടങ്ങി തുടക്കത്തിൽ തന്നെ നിരവധി ഗോളവസരങ്ങൾ കേരളത്തിന് ലഭിച്ചപ്പോൾ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ബിനോ ജോർജ് പുതിയ പരീക്ഷണത്തിന് മുതിർന്നു. ഫിനിഷൻ ജസിനെ ഗ്രൗണ്ടിലിറക്കി. 29-ാം മിനുട്ടിൽ എം വിഘ്‌നേഷിനെ പിൻവലിച്ചാണ് ജസിനെ ഗ്രൗണ്ടിലെത്തിച്ചത്. ബിനോ ജോർജിന് പിഴച്ചില്ല. ഗ്രൗണ്ടിൽ നിറഞ്ഞാടിയ ജസിൻ 35-ാം മിനുട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. തുടന്ന് ഒമ്പത് മിനുട്ടിൽ മൂന്ന് ഗോളിട്ടു. രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു.

22 വയസുകാരാനായ ജസിൻ മമ്പാട് എം ഇ എസ് കോളജിന്റെ സൂപ്പർ സ്ട്രൈക്കറായാണ് ഫുട്ബോൾ രംഗത്തേക്ക് കടന്നുവരുന്നത്. നിലവിൽ കേരള യുനൈറ്റഡ് എഫ് സിയുടെ താരമാണ്. നിലമ്പൂർ മിനർവപ്പടിയാണ് സ്വദേശിയാണ്. തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിന്റെയും സുനൈനയുടെയും മകനാണ്.

ഏഴഴകോടെ കേരളം ഫൈനലിന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 15-ാം ഫൈനലിനാണ് കേരളം യോഗ്യരായത്. സെമിയില്‍ മൂന്നിന് എതിരെ ഏഴ് ഗോളുകള്‍ക്ക് കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. ജസിന്‍റെ അഞ്ചടിക്ക് പുറമെ ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. 

Santosh Trophy : പയ്യനാട് ഗോള്‍മഴ, സൂപ്പർസബ് ജസിന് ഹാട്രിക്! കർണാടകയ്‍ക്കെതിരെ ആദ്യപകുതി റാഞ്ചി കേരളം

click me!