ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍

By Web TeamFirst Published Jun 13, 2021, 10:21 AM IST
Highlights

എറിക്‌സൺ കുഴഞ്ഞുവീണ ടച്ച് ലൈനിനരികെയുണ്ടായിരുന്ന ഫിൻലൻഡ് ആരാധകർ നൽകിയ പതാക വിരിച്ചുപിടിച്ചായിരുന്നു ഡെൻമാർക്ക് താരങ്ങൾ എറിക്‌സണ് മറ തീര്‍ത്തത്. 

കോപ്പന്‍ഹേഗ്: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിന് എതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സൺ കുഴഞ്ഞുവീണതിന്‍റെ ഞെട്ടല്‍ ഫുട്ബോള്‍ ലോകത്തിന് ഇതുവരെ വിട്ടുമാറിയിട്ടില്ല. അപകടനില തരണം ചെയ്ത എറിക്‌സണ്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. ആശങ്കകള്‍ വാനംമുട്ടിയ നിമിഷങ്ങളില്‍ ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് താരങ്ങളുടെയും മാച്ച് ഒഫീഷ്യല്‍സിന്‍റെയും കാണികളുടേയും സമയോചിത ഇടപെടല്‍ ലോകത്തിന് മാതൃകയായി. ഇതില്‍ ഫിന്‍ലന്‍ഡ് ആരാധകര്‍ കൈമാറിയ ഒരു സ്‌നേഹവായ്‌പുമുണ്ടായിരുന്നു.  

ടച്ച് ലൈനിനരികെ ക്രിസ്റ്റ്യന്‍ എറിക്‌സൺ കുഴഞ്ഞുവീണതും റഫറിയും താരങ്ങളും ഓടിയെത്തി. ഡെന്‍മാര്‍ക്ക് നായകന്‍ സിമൺ കെയറാണ് എറി‌ക്‌സണ് ആദ്യം വൈദ്യസഹായമെത്തിച്ചത്. സ്റ്റേഡിയത്തിലെ ക്യാമറക്കണ്ണുകളും ആരാധകരുടെ നോട്ടവും എറിക്‌സണിലേക്ക് തുറിക്കാതിരിക്കാന്‍ താരത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു കെയറിന്‍റെ നേതൃത്വത്തില്‍ ഡെന്‍മാര്‍ക്ക് സഹതാരങ്ങള്‍. എറിക്‌സൺ കുഴഞ്ഞുവീണ ടച്ച് ലൈനിനരികെയുണ്ടായിരുന്ന ഫിൻലൻഡ് ആരാധകർ നൽകിയ പതാക വിരിച്ചുപിടിച്ചായിരുന്നു ഡെൻമാർക്ക് താരങ്ങൾ എറിക്‌സണ് മറ തീര്‍ത്തത് എന്നതാണ് ശ്രദ്ധേയം. 

എറിക്‌സണെ പരിശോധിക്കാന്‍ ആദ്യം ഓടിയെത്തിയത് ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ സംഘമായിരുന്നു എന്നതും പ്രശംസ പിടിച്ചുപറ്റി. ഡെന്‍മാര്‍ക്ക് താരങ്ങള്‍ എറിക്‌സണ് ചുറ്റും മറ തീര്‍ക്കുമ്പോള്‍ മറുവശത്ത് നിറകണ്ണുകളോടെ ഫിന്‍ലന്‍ഡ് താരങ്ങള്‍ പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഇരു ടീമിന്‍റെയും ആരാധകരും പൊട്ടിക്കരഞ്ഞു. താരം കുഴഞ്ഞുവീണതോടെ നിര്‍ത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചു. എന്നാല്‍ എറിക്‌സണിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നുറപ്പാക്കിയതിന് ശേഷമാണ് ഇരു ടീമും മത്സരം പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചത്.  

അപകടനില തരണം ചെയ്ത ക്രിസ്റ്റ്യന്‍ എറിക്‌സൺ കോപ്പന്‍ഹേഗിലെ ആശുപത്രിയിലാണുള്ളത്. താരത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി. കുടുംബവുമായി എറിക്സണ്‍ സംസാരിച്ചു. യുവേഫക്കും ഡെന്‍മാര്‍ക്കിനും പുറമെ അദേഹത്തിന്‍റെ ക്ലബായ ഇന്‍റര്‍ മിലാനും ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

ഇത് സ്‌നേഹത്തിന്‍റെ, കരുതലിന്‍റെ മനുഷ്യമതില്‍; ലോകത്തിന് മാതൃകയായി ഡെന്‍മാര്‍ക്ക് താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!