യൂറോ കപ്പ്: സ്ലൊവാക്യക്കും ചെക് റിപ്പബ്ലിക്കിനും ഇന്ന് നിര്‍ണായകം

By Web TeamFirst Published Jun 18, 2021, 10:24 AM IST
Highlights

ഇംഗ്ലണ്ടിനെതിരെ ഒറ്റഗോളിന് വീണുപോയ ക്രൊയേഷ്യക്ക് ചെക് റിപ്പബ്ലിക് കനത്ത വെല്ലുവിളിയാകും. 

സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗ്: യൂറോ കപ്പിൽ ഇന്നത്തെ ആദ്യ മത്സരം സ്വീഡനും സ്ലൊവാക്യയും തമ്മിലാണ്. സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗില്‍ വൈകിട്ട് ആറരയ്‌ക്കാണ് മത്സരം. ജയിച്ചാൽ സ്ലൊവാക്യ പ്രീ ക്വാർട്ടറിലെത്തും. രാത്രി ഒന്‍പതരയ്ക്ക്‌ ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെ നേരിടും. ജയിച്ചാൽ ചെക് റിപ്പബ്ലിക്കിനും രണ്ടാം റൗണ്ടിൽ കടക്കുക എളുപ്പമാകും.

റോബര്‍ട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടിനെ തോൽപ്പിച്ചെത്തുകയാണ് സ്ലൊവാക്യ. സ്റ്റീഫൻ ടകോവിച്ചിന്‍റെ സംഘത്തിന്‍റേത് സ്വപ്നതുല്യമായ തുടക്കം. തോൽവിയറിയാത്ത തുടർച്ചയായ ആറാം മത്സരമായിരുന്നു പോളണ്ടിനെതിരെ സ്ലൊവാക്യയുടേത്. സ്വീഡനെതിരെ ജയം ആവർത്തിച്ച് പ്രീ ക്വാർട്ടറിലേക്ക് ഏറെക്കുറെ ടിക്കറ്റ് ഉറപ്പിക്കുകയാണ് സ്ലൊവാക്യയുടെ ലക്ഷ്യം. അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളികൾ സ്‌പെയിന്‍ എന്നത് തന്നെ കാരണം.

പന്ത് കാലിലധികം കിട്ടിയില്ലെങ്കിലും സ്‌പെയിനിനെ ഗോളടിക്കാൻ വിടാതെ സമനില പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സ്വീഡൻ. അമിത പ്രതിരോധമെന്ന തന്ത്രം സ്ലൊവാക്യക്കെതിരെ കോച്ച് ജെയ്ൻ ആൻഡേഴ്സൺ മാറ്റിപ്പിടിച്ചേക്കും. ഗോളടിയും മൂന്ന് പോയിന്‍റും ടീം ഉന്നമിടുന്നു എന്ന് ചുരുക്കം.

ക്രൊയേഷ്യക്ക് 'ചെക്' വയ്‌ക്കുമോ ചെക് റിപ്പബ്ലിക്

ഇംഗ്ലണ്ടിനെതിരെ ഒറ്റ ഗോളിന് വീണുപോയ ക്രൊയേഷ്യക്ക് ചെക് റിപ്പബ്ലിക് കനത്ത വെല്ലുവിളിയാകും. സ്‌കോട്‌ലൻഡിനെതിരെ മാന്ത്രിക ഗോള്‍ കൊണ്ട് വിസ്മയിപ്പിച്ച പീറ്റർ ഷീക്കിൽ നിന്ന് ചെക് ആരാധകർ കൂടുതൽ പ്രതീക്ഷിക്കുന്നു. അതേസമയം ലൂക്കാ മോഡ്രിച്ചും സംഘവും മികവിലേക്ക് തിരിച്ചെത്തിയാൽ ക്രൊയേഷ്യക്ക് മേൽക്കൈ നേടാം. നേർക്കുനേർ പോരാട്ടങ്ങളിൽ ഇതുവരെ ക്രൊയേഷ്യയെ തോൽപ്പിക്കാൻ ചെക് റിപ്പബ്ലിക്കിന് കഴിഞ്ഞിട്ടില്ല.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോയില്‍ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ട്; എതിരാളികൾ സ്‌കോട്‍ലൻഡ്

യൂറോ: ഓസ്ട്രിയയെയും വീഴ്ത്തി ഓറഞ്ച് പടയോട്ടം

പൊരുതി വീണു ഡെൻമാർക്ക്, നോക്കൗട്ട് ഉറപ്പിച്ച് ബെൽജിയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!