ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ മെംഫിസ് ഡീപേയും രണ്ടാം പകുതിയിൽ ഡെൻസെൽ ഡംഫ്രൈസുമാണ് നെതർലൻഡ്സിന്റെ ​ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും നെതർലൻഡ്സായിരുന്നു. 

ആംസ്റ്റർഡാം: യൂറോ കപ്പിൽ ​ഗ്രൂപ്പ് സി പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് വീഴ്ത്തി നെതർലൻഡ്സ്. തുടർച്ചയായ രണ്ടാം ജയത്തോടെ ഓറഞ്ച് പട നോക്കൗട്ട് ഉറപ്പിച്ചപ്പോൾ തോൽവി ഓസ്ട്രിയയുടെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ മെംഫിസ് ഡീപേയും രണ്ടാം പകുതിയിൽ ഡെൻസെൽ ഡംഫ്രിസുമാണ് നെതർലൻഡ്സിന്റെ ​ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും നെതർലൻഡ്സായിരുന്നു.

എന്നാൽ മുന്നേറ്റ നിരയിൽ മെംഫിസ് ഡീപേ അവസരങ്ങൾ കളഞ്ഞു കുളിച്ചപ്പോൾ നെതർലൻഡ്സ് ജയം രണ്ട് ​ഗോളിലൊതുങ്ങി. രണ്ട് ​ഗോളിന് തോറ്റെങ്കിലും അപ്രതീക്ഷിത പ്രത്യാക്രമണങ്ങിളൂടെ ഓസ്ട്രിയ ഓറഞ്ച് പടയെ കളിയിലുടനീളം വലച്ചു.

പന്തവകാശത്തിൽ ഓസ്ട്രിയ ഏതാണ്ട് നെതർ‌ലൻഡ്സിനൊപ്പം പിടിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് ഒവർക്ക് ഒരു തവണ മാത്രമാണ് ഷോട്ടുതിർക്കാനായത്. പത്താം മിനിറ്റിൽ ഡംഫ്രിസിനെ ബോക്സിൽ ഫൗൾ ചെയ്തതിന് വാർ പരിശോധനയിലൂടെയാണ് നെതർലൻഡ്സിന് അനുകൂലമായി പെനൽറ്റി വിധിച്ചത്. പിഴവുകളേതുമില്ലാതെ ഡീപേ പന്ത് വലയിലാക്കി.