പോഗ്‌ബ, കാന്‍റെ; ഒന്നിച്ചിറങ്ങിയാല്‍ ഫ്രാന്‍സിന് ഭാഗ്യദിനമെന്ന് കണക്കുകള്‍

By Web TeamFirst Published Jun 16, 2021, 10:31 AM IST
Highlights

ഇരുവരും ഒന്നിച്ച് ഫ്രാൻസിനായി ആദ്യ ഇലവനിൽ ഇറങ്ങിയ കളികളില്‍ ഇരുപത്തിയെട്ടാമത്തെ മത്സരമാണ് അജയ്യമായി മുന്നേറുന്നത്. 

മ്യൂണിക്ക്: യൂറോ കപ്പില്‍ ജര്‍മനിക്കെതിരായ ജയത്തോടെ ഫ്രാൻസ് ജേഴ്‌സിയിൽ പോള്‍ പോഗ്‌ബയും എൻഗോളോ കാന്‍റെയും ശ്രദ്ധേയ നേട്ടത്തില്‍. ഇരുവരും ഒന്നിച്ച് ഫ്രാൻസിനായി ആദ്യ ഇലവനിൽ ഇറങ്ങിയ കളികളില്‍ ഇരുപത്തിയെട്ടാമത്തെ മത്സരമാണ് അജയ്യമായി മുന്നേറുന്നത്. 22 കളിയിൽ ജയവും ആറ് സമനിലയുമായിരുന്നു ഫലം. ജർമനിക്കെതിരായ മത്സരത്തിൽ മധ്യനിരയില്‍ കളംനിറഞ്ഞ പോഗ്‌ബയായിരുന്നു മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫുട്ബോള്‍ ലോകം കാത്തിരുന്ന വമ്പൻ പോരാട്ടത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജര്‍മനിക്കെതിരെ ജയം സ്വന്തമാക്കി. ജർമന്‍ സെന്‍റർ ബാക്ക് മാറ്റ് ഹമ്മൽസിന്‍റെ സെൽഫ് ഗോളില്‍ ഫ്രാൻസ് വിജയിക്കുകയായിരുന്നു. ഹമ്മല്‍സ് 20-ാം മിനിറ്റിലാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്. എംബാപ്പേയെ ലക്ഷ്യമാക്കി ലൂക്കാസ് ഹെർണാണ്ടസ് നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ഹമ്മൽസിന് പിഴയ്‌ക്കുകയായിരുന്നു. 

ചിത്രം- പോള്‍ പോഗ്‌ബ

വമ്പൻ താരങ്ങൾ അണിനിരന്ന പോരാട്ടത്തിൽ കളിയുടെ കടിഞ്ഞാൺ ജർമനിയുടെ കാലുകളിലായിരുന്നു. ചെറിയ പാസുകളുമായി ജർമൻ താരങ്ങൾ എല്ലായിടത്തുമെത്തി, ഗോളിലൊഴികെ. അതിവേഗമായിരുന്നു ഫ്രഞ്ച് മുന്നേറ്റങ്ങൾ. എംബാപ്പേയും ബെൻസേമയും ജർമൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. ജർമനി നന്നായി കളിച്ചെങ്കിലും ഫ്രാൻസ് വീണുകിട്ടിയ ഗോളുമായി ജയവും മൂന്ന് പോയിന്റും സ്വന്തമാക്കുകയായിരുന്നു. 

ചിത്രം- എൻഗോളോ കാന്‍റെ

ശനിയാഴ്‌ച പോർച്ചുഗലിനെതിരെ ജർമനി ജീവൻമരണ പോരാട്ടത്തിനിറങ്ങും. അതേസമയം നോക്കൗട്ട് റൗണ്ടുറപ്പിക്കാൻ ഫ്രാൻസ് ഹങ്കറിക്കെതിരെ കളിക്കും. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

കൊവിഡ് കാലത്ത് മനസ് നിറച്ച ഗാലറി; നിറഞ്ഞ് തുളുമ്പി പുഷ്‌കാസ് അറീന

മരണഗ്രൂപ്പില്‍ ഫ്രാന്‍സിന് ജീവന്‍ വച്ചുനീട്ടിയ ഗോള്‍; ജർമനിയുടെ ദുരന്തനായകനായി ഹമ്മൽസ്- വീഡിയോ

റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!