ലോകചാമ്പ്യൻമാരുടെ തലയെടുപ്പുമായി കളത്തിലിറങ്ങിയ ഫ്രാൻസ് ജർമ്മനിക്കെതിരെ രക്ഷപ്പെട്ടത് ഈയൊരറ്റ സെൽഫ് ഗോളിൽ. 

മ്യൂണിക്ക്: യൂറോ കപ്പില്‍ ഫൈനലോളം പോന്ന ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ജര്‍മനിയുടെ തോല്‍വിക്ക് വഴിയൊരുക്കിയ സെൽഫ് ഗോളാണ് എങ്ങും ചർച്ച. ജർമനിയുടെ വിശ്വസ്തനായ സെന്‍റർ ബാക്ക് മാറ്റ് ഹമ്മൽസിന് ആ പിഴവ് ഒരിക്കലും മറക്കാനാകില്ല. 

ഒരു മേജർ ടൂർണമെന്‍റിൽ 1978ന് ശേഷം ഒരു ജർമൻ താരം ആദ്യമായാണ് ഓൺ ഗോൾ വഴങ്ങുന്നത്. യൂറോയില്‍ ഹമ്മൽസിന് ഇത് രണ്ടാംതവണയാണ് സമാനമായ പിഴവ് സംഭവിക്കുന്നത്. 2015ൽ യൂറോ യോഗ്യതാ മത്സരത്തിലും ജർമൻ സെന്‍റർ ബാക്ക് ഓൺ ഗോളടിച്ചിരുന്നു. എന്നാല്‍ പിഴവിൽ ഹമ്മൽസിനെ കുറ്റപ്പെടുത്താനില്ലെന്നാണ് കോച്ച് യോക്വിം ലോയുടെ വാക്കുകള്‍. 'അത് ക്ലിയർ ചെയ്യാൻ പ്രയാസമായ ഒരു സാഹചര്യമായിരുന്നു. ജയിക്കാനായി എല്ലാ ശ്രമവും ജർമനി നടത്തി'യെന്നും ലോ വ്യക്തമാക്കി.

Scroll to load tweet…

യൂറോയുടെ ആദ്യ ആഴ്ചയിൽ ഓൺ ഗോൾ വഴങ്ങുന്ന മൂന്നാമത്തെ മത്സരമായിരുന്നു ഇത്. പോളണ്ടിന്‍റെ ഷ്യൂസ്നി, തുർക്കിയുടെ മെറി ഡെമിറാൽ എന്നിവർ നേരത്തെ സെൽഫ് ഗോൾ വഴങ്ങി. 2016ലെ ടൂർണമെന്‍റിലാകെ മൂന്ന് സെൽഫ് ഗോളാണ് കണ്ടത് എങ്കിൽ ഇത്തവണ ആദ്യ ആഴ്ചയിൽ ആദ്യഘട്ട ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ആ കണക്കിനൊപ്പമെത്തിയെന്നത് ശ്രദ്ധേയമാണ്.

യൂറോ കപ്പിലെ വമ്പൻ പോരാട്ടത്തിൽ ജർമനിക്കെതിരെ ഹമ്മല്‍സിന്‍റെ ഓണ്‍ ഗോളില്‍ ലോക ചാമ്പ്യൻമാരായ ഫ്രാന്‍സ് ജയിക്കുകയായിരുന്നു. സ്‌കോര്‍ 1-0. ഇരുപതാം മിനിറ്റിലാണ് ഹമ്മൽസ് ജർമനിയുടെ ദുരന്തനായകനായത്. എംബാപ്പേയെ ലക്ഷ്യമാക്കി ലൂക്കാസ് ഹെർണാണ്ടസ് നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ഹമ്മൽസിന് പിഴയ്‌ക്കുകയായിരുന്നു. ഇതോടെ മരണഗ്രൂപ്പില്‍ ഫ്രാൻസ് വീണുകിട്ടിയ ഗോളുമായി മൂന്ന് പോയിന്റ് സ്വന്തമാക്കി. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

മരണഗ്രൂപ്പില്‍ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ഫ്രാന്‍സ്; ജര്‍മനിക്ക് തോല്‍വി

റൊണാള്‍ഡോ അജയ്യനായ രാത്രി; യൂറോയില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി

ക്രിസ്റ്റിയാനോയ്ക്ക് ഡബിള്‍; യൂറോയില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗലിന് മിന്നുന്ന ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona