
ലോഞ്ചിന് മുന്നോടിയായി ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര (Oppo Find X9 Ultra) സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ചോര്‍ന്നു. ഇരട്ട 200-മെഗാപിക്സല്‍ ക്യാമറയാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര മൊബൈലിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി പറയപ്പെടുന്നത്. പ്രധാന ക്യാമറയ്‌ക്ക് പുറമെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സിലുമാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര സ്‌മാര്‍ട്ട്‌ഫോണില്‍ 200എംപി ക്യാമറ വരുന്നത് എന്നാണ് സൂചന.
ക്വാഡ് റിയര്‍ ക്യാമറ സംവിധാനത്തിലാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക എന്നാണ് ലീക്കായ വിവരങ്ങള്‍ പറയുന്നത്. ഓപ്പോ ഫൈന്‍ഡ് എക്സ്9 അള്‍ട്രയില്‍ 200-മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 200എംപി ടെലിഫോട്ടോ ക്യാമറയും വരുമെന്ന് ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇരട്ട പെരിസ്‌കോപ്പ് ലെന്‍സുകളും ഫോണില്‍ പറയപ്പെടുന്നു. ഇതില്‍ രണ്ടാമത്തെ സെന്‍സര്‍ 10എക്സ് സൂം സഹിതം വരുന്ന അള്‍ട്രാ-ടെലിഫോട്ടോയാണെന്ന് ടിപ്സ്റ്റര്‍ അവകാശപ്പെട്ടു. മൂന്ന് ലെന്‍സുകളും ചേരുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ഫോക്കല്‍ ലെങ്തുകള്‍ ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് ലഭിച്ചേക്കും. ഫോട്ടോഗ്രഫിയുടെ രാജാവായിരിക്കും ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര എന്നും ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു. 50-മെഗാപിക്സലിന്‍റെ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് കൂടി ഓപ്പോ ഫൈന്‍ഡ് എക്സ് 9 അള്‍ട്രയില്‍ പറയപ്പെടുന്നു. 50എംപിയുടെ ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഫോണിലുണ്ടാവുക എന്നും റൂമറുകളിലുണ്ട്.
ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര 6.8 ഇഞ്ച് 2കെ എല്‍ടിപിഒ ഒഎല്‍ഇഡി സ്‌ക്രീന്‍ സഹിതമാണ് വരിക. ഫ്ലാഗ്ഷിപ്പ് ഫോണാണ് എന്നതിനാല്‍ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റിലാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര വരികയെന്നാണ് വിവരം. ഫോണിന് 7,000 എംഎഎച്ച് കരുത്തിലധികമുള്ള ബാറ്ററിയും പ്രതീക്ഷിക്കുന്നു. 2026 ആദ്യം ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ.